{"vars":{"id": "89527:4990"}}

മലപ്പുറം വേങ്ങരയിൽ യുവതിയെ ഭർത്താവ് ഫോണിൽ വിളിച്ച് മുത്തലാഖ് ചൊല്ലിയതായി പരാതി

 
മലപ്പുറം വേങ്ങരയിൽ യുവതിയെ ഭർത്താവ് ഫോണിലൂടെ മുത്തലാഖ് ചൊല്ലിയെന്ന് പരാതി. കൊണ്ടോട്ടി സ്വദേശി ബീരാൻ കുട്ടിക്കെതിരെയാണ് യുവതിയുടെ കുടുംബം പോലീസിൽ പരാതി നൽകിയത്. ബീരാൻ കുട്ടി യുവതിയുടെ പിതാവിനെ ഫോണിൽ വിളിച്ച് മുത്തലാഖ് ചൊല്ലുന്നതിന്റെ ശബ്ദസംഭാഷണം പുറത്തുവന്നിട്ടുണ്ട്. വിവാഹ സമയത്ത് നൽകിയ 30 പവന്റെ സ്വർണാഭരണങ്ങൾ തിരികെ നൽകിയില്ലെന്നും പരാതിയിൽ പറയുന്നു. ഒന്നര കൊല്ലം മുമ്പാണ് ബീരാൻകുട്ടി യുവതിയെ വിവാഹം ചെയ്യുന്നത്. വിവാഹം കഴിഞ്ഞ് രണ്ട് മാസം മാത്രമാണ് യുവതി ഭർത്താവിന്റെ വീട്ടിലുണ്ടായിരുന്നത്. വിവാഹശേഷം രണ്ട് മാസം കഴിഞ്ഞപ്പോൾ ശാരീരിക ബുദ്ധിമുട്ടുകളെ തുടർന്ന് യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും തുടർന്ന് വേങ്ങരയിലെ വീട്ടിലേക്ക് വരികയുമായിരുന്നു. പിന്നീട് ഭർത്താവിന്റെ ഭാഗത്ത് നിന്ന് ഒരു ബന്ധവുമുണ്ടായില്ലെന്ന് യുവതി പറയുന്നു.