{"vars":{"id": "89527:4990"}}

പാർട്ടിയെയും അണികളെയും അവഗണിക്കുന്നുവെന്ന് പരാതി; ലീഗ് മന്ത്രിമാരുടെ അടിയന്തര യോഗം ഇന്ന് പാണക്കാട്ട്; പ്രവർത്തനം വിലയിരുത്തും

 

മലപ്പുറം: പേഴ്സണൽ സ്റ്റാഫ് നിയമനങ്ങളിലും പാർട്ടി കാര്യങ്ങളിലും ലീഗ് മന്ത്രിമാർ പാർട്ടിയെയും അണികളെയും അവഗണിക്കുന്നുവെന്ന കടുത്ത അതൃപ്തികൾക്കിടയിൽ, മുസ്ലിം ലീഗ് മന്ത്രിമാരുടെ അടിയന്തര യോഗം ഇന്ന് നടക്കും. പാണക്കാട് സാദിഖ് അലി ശിഹാബ് തങ്ങളുടെ വസതിയിലാണ് യോഗം ചേരുന്നത്. വിവാദങ്ങൾ ഒഴിവാക്കുന്നതിനായി 'പാണക്കാട്ട് ചായസൽക്കാരം' എന്ന പേരിലാണ് യോഗം വിളിപ്പേർത്തിരിക്കുന്നതെങ്കിലും മന്ത്രിമാരുടെ പ്രവർത്തനങ്ങളുടെ വിശദമായ അവലോകനമാണ് യോഗത്തിന്റെ പ്രധാന ലക്ഷ്യം.

​മന്ത്രിമാർ സ്വന്തം നിലയ്ക്ക് കാര്യങ്ങൾ തീരുമാനിക്കുന്നുവെന്നും യൂത്ത് ലീഗ്, എം.എസ്.എഫ് തുടങ്ങിയ പോഷക സംഘടനകളുടെ നിർദേശങ്ങളോ പാർട്ടി നൽകുന്ന ലിസ്റ്റോ സ്റ്റാഫ് നിയമനങ്ങളിൽ പരിഗണിക്കുന്നില്ലെന്നുമാണ് പ്രധാന ആക്ഷേപം. വിവിധ ആവശ്യങ്ങളുമായി സമീപിക്കുന്ന അണികളോട് ലീഗ് മന്ത്രിമാർ കടുത്ത അവഗണന കാണിക്കുന്നുവെന്നും, കോൺഗ്രസ് എം.എൽ.എമാർ നൽകുന്ന പരിഗണന പോലും സ്വന്തം പാർട്ടിയിലെ മന്ത്രിമാരിൽ നിന്ന് ലഭിക്കുന്നില്ലെന്നും താഴെത്തട്ടിൽ നിന്ന് പരാതി ഉയർന്നിരുന്നു.

​ഇത്തരം അതൃപ്തികളുടെ പശ്ചാത്തലത്തിലാണ് മന്ത്രിമാരെ പാണക്കാട്ടേക്ക് ലീഗ് നേതൃത്വം വിളിപ്പിച്ചിരിക്കുന്നത്. സ്റ്റാഫ് നിയമന വിവാദങ്ങൾക്ക് പുറമെ, 'പി.എം ശ്രീ' പദ്ധതിയുമായി ബന്ധപ്പെട്ട പാർട്ടി നിലപാടും യോഗത്തിൽ ചർച്ചയാകും. നാളെ കോഴിക്കോട് ലീഗ് ഹൗസിൽ സംസ്ഥാന കമ്മിറ്റി യോഗം ചേരാനിരിക്കെയാണ് ഇന്നത്തെ ഈ നിർണായക മുന്നൊരുക്ക യോഗം.