{"vars":{"id": "89527:4990"}}

പത്തനംതിട്ടയിൽ ആശങ്ക; വീടുകളിലെ ഒന്നാം നിലയിൽ കഴിയുന്നവർ ക്യാമ്പുകളിലേക്ക് മാറാൻ തയ്യാറാകണം: മന്ത്രിവിഷ്ണുനാഥ്

 

പത്തനംതിട്ട: കനത്ത മഴയെ തുടര്‍ന്ന് പത്തനംതിട്ടയില്‍ അതീവ ജാഗ്രതാ നിര്‍ദ്ദേശം. മൂഴിയാര്‍ ഡാം തുറക്കാന്‍ പത്തനംതിട്ട ജില്ലാ കളക്ടര്‍ അനുമതി നല്‍കി. ഇതുമായി ബന്ധപ്പെട്ട് റാന്നിയില്‍ അനൗണ്‍സ്‌മെന്റ് തുടങ്ങി. ആറന്മുളയില്‍ അല്‍പസമയത്തിനകം പൊലീസ് വാഹനത്തില്‍ അനൗണ്‍സ് ചെയ്യും. നിലവില്‍ ആറന്മുളയില്‍ ശക്തമായി മഴ പെയ്യുകയാണ്. മൂഴിയാറില്‍ വെള്ളം 190 അടിയായി ഉയര്‍ന്നു.

അതേസമയം പത്തനംതിട്ടയില്‍ ആശങ്കാ ജനകമായ അവസ്ഥയെന്ന് മന്ത്രി പി സി വിഷ്ണുനാഥ് പറഞ്ഞു. വീടുകളിലെ ഒന്നാം നിലയില്‍ കഴിയുന്നവര്‍ ദുരിതാശ്വാസക്യാമ്പുകളിലേക്ക് മാറാന്‍ തയ്യാറാകണമെന്ന് പി സി വിഷ്ണുനാഥ് ആവശ്യപ്പെട്ടു. വീടുകളില്‍ തുടരുന്നത് ആശങ്കാജനകമായ സ്ഥിതിവിശേഷം ഉണ്ടാക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ക്യാമ്പുകളിലേക്ക് മാറാന്‍ അഭിമാന പ്രശ്‌നമുണ്ടെങ്കില്‍ ബന്ധുക്കളുടെ വീടുകളിലേക്ക് മാറട്ടെ എന്നും മന്ത്രി പറഞ്ഞു. കൊല്ലത്ത് നിന്നും ആലപ്പുഴയില്‍ നിന്നും രക്ഷാപ്രവര്‍ത്തനത്തിനായി മത്സ്യത്തൊഴിലാളികളെ പത്തനംതിട്ടയില്‍ എത്തിക്കും. തിരുവനന്തപുരത്തുള്ള എന്‍ടിആര്‍എഫിന്റെ ഒരു ടീമിനോട് കൂടി പത്തനംതിട്ടയില്‍ എത്താന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി വിഷ്ണുനാഥ് പറഞ്ഞു.

കോഴഞ്ചേരി റസ്റ്റ് ഹൗസില്‍ മന്ത്രിയും അബിന്‍ വര്‍ക്കി എംഎല്‍എയും അടക്കമുള്ള അധികാരികള്‍ അടിയന്തര യോഗം ചേര്‍ന്നു. മൂഴിയാര്‍ ഡാം തുറക്കുമ്പോള്‍ പമ്പയാറ്റില്‍ വെള്ളം ഉയരും. ഈ പശ്ചാത്തലത്തില്‍ എടുക്കേണ്ട മുന്‍കരുതലുകള്‍ ചര്‍ച്ച ചെയ്യാനാണ് യോഗം ചേര്‍ന്നത്. റവന്യൂ മന്ത്രി എ പി അനില്‍കുമാര്‍ സ്ഥിതി വിശകലനം ചെയ്യാന്‍ പത്തനംതിട്ടയില്‍ എത്തും. നിലവില്‍ റാന്നിയില്‍ ആശങ്ക നിലനില്‍ക്കുന്നുണ്ട്. പമ്പാനദിയില്‍ ജലനിരപ്പ് ഉയരുന്നത് കൊണ്ട് തന്നെ മാമുക്ക് ചെറിയ പാലത്തിന്റെ ഭാഗത്തേക്ക് വെള്ളം കയറുന്നുണ്ട്.

റാന്നി മാമുക്കില്‍ പമ്പാനദിയില്‍ ജലനിരപ്പ് ഉയരുന്നുണ്ട്. പമ്പ ത്രിവേണിയില്‍ ജലനിരപ്പ് ഉയരുകയാണ്. ജാഗ്രത പാലിക്കണമെന്ന് പൊലീസ് നിര്‍ദ്ദേശം നല്‍കി. പത്തനംതിട്ടയില്‍ ശബരിമല വനമേഖല ഉള്‍പ്പെടുന്ന പ്രദേശങ്ങളില്‍ കിഴക്കന്‍ മേഖലകളില്‍ ശക്തമായ മഴ പെയ്യുകയാണ്. മൂഴിയാര്‍ ഡാമിന്റെ ഷട്ടറുകള്‍ ഏത് നിമിഷവും തുറക്കുമെന്ന് ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.