പ്രണയം തകർന്നതിനെ ചൊല്ലി തർക്കവും സംഘർഷവും; കാമുകന്റെ സുഹൃത്തായ യുവാവ് അടിയേറ്റ് മരിച്ചു
Oct 18, 2025, 12:24 IST
പ്രണയ ബന്ധത്തെ ചൊല്ലിയുണ്ടായ തർക്കത്തിനിടെയുണ്ടായ സംഘർഷത്തിൽ അടിയേറ്റ് യുവാവ് മരിച്ചു. തിരുവനന്തപുരം വർക്കല കണ്ണമ്പയിലാണ് സംഭവം. കാമുകന്റെ സുഹൃത്തായ കൊല്ലം സ്വദേശി അമൽ ആണ് മരിച്ചത്. ഒക്ടോബർ 14ന് നടന്ന സംഘർഷത്തിൽ ഗുരുതരമായി പരുക്കേറ്റ അമൽ ചികിത്സയിൽ തുടരുന്നതിനിടെയാണ് മരിച്ചത്
സംഭവവുമായി ബന്ധപ്പെട്ട് കണ്ണമ്പ സ്വദേശികളായ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. കണ്ണമ്പ സ്വദേശിയായ പെൺകുട്ടിയും കൊല്ലത്തുള്ള യുവാവും തമ്മിലുള്ള പ്രണയബന്ധം തകർന്നതിനെ ചൊല്ലിയുള്ള സംഘർഷമാണ് കാമുകന്റെ സുഹൃത്തിന്റെ കൊലപാതകത്തിൽ കലാശിച്ചത്
യുവാവും ബന്ധുക്കളും സുഹൃത്തുക്കളും സംസാരിക്കാനായി പെൺകുട്ടിയുടെ വീട്ടിലെത്തിയപ്പോഴായിരുന്നു സംഘർഷം. ഇതിനിടെ തർക്കമുണ്ടാകുകയും കാമുകന്റെ സുഹൃത്തായ അമലിന് അടിയേൽക്കുകയുമായിരുന്നു.