{"vars":{"id": "89527:4990"}}

രാഹുൽ എവിടെയെന്ന് കോൺഗ്രസിന് അറിയാം, അക്കാര്യം പോലീസിനെ അറിയിക്കണം: മുഖ്യമന്ത്രി
 

 

രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ അറസ്റ്റ് ഹൈക്കോടതി താത്കാലികമായി തടഞ്ഞത് സ്വാഭാവികമായ കോടതി നടപടിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. രാഹുലിന് ഒളിത്താവളമൊരുക്കിയത് കോൺഗ്രസാണ്. അയാളുടെ മാത്രം കഴിവിന്റെ ഭാഗമായല്ല ഒളിവിൽ ഇരിക്കുന്നത്. കോൺഗ്രസ് രാഷ്ട്രീയ നേതൃത്വത്തിന്റെ സംരക്ഷണമുണ്ട്

രാഹുൽ എവിടെയാണെന്ന് കോൺഗ്രസ് നേതൃത്വത്തിന് അറിയാം. അക്കാര്യം പോലീസിനെ അറിയിക്കുകയാണ് വേണ്ടത്. കോടതിയുടെ മുന്നിൽ ജാമ്യാപേക്ഷ നിലനിൽക്കുമ്പോൾ അറസ്റ്റ് ചെയ്യുന്നതിൽ തെറ്റൊന്നുമില്ല. പക്ഷേ ഒരു തീരുമാനം വരുന്നതുവരെ കാത്തിരിക്കലാണ് കേരളത്തിൽ പൊതുവെ കണ്ടുവരുന്ന രീതി

രാഹുൽ വിഷയത്തിൽ ഹൈക്കോടതി ഒരു തീയതിയിലേക്ക് കേസ് കേൾക്കാൻ നീട്ടിവെച്ചിരിക്കുകയാണ്. അത് സ്വാഭാവികമായ കോടതി നടപടിയുടെ ഭാഗം മാത്രമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. രാഹുലിനെ പോലീസിന് കണ്ടെത്താൻ സാധിച്ചിട്ടില്ലെന്നതാണ് വാസ്തവം. പോലീസ് മനപ്പൂർവം അറസ്റ്റ് ചെയ്യാതിരിക്കുകയാണെന്ന ആരോപണം ശരിയല്ല. 

ഒളിവിൽ പോകാൻ വേണ്ട സഹായങ്ങളെല്ലാം ചെയ്തു കൊടുത്തത് രാഹുലിന്റെ സഹപ്രവർത്തകരാണ്. ആ സഹപ്രവർത്തകർ എന്നത് കോൺഗ്രസിന്റെ പ്രവർത്തകരും നേതാക്കളുമാണ്. സംസ്ഥാനത്തിന്റെ പുറത്തടക്കം രാഹുലിന് നല്ല രീതിയിൽ സംരക്ഷണം തീർത്തിരിക്കുകയാണ്. അപ്പോൾ രാഹുൽ എവിടെയെന്ന് കോൺഗ്രസിന് അറിയാം. അക്കാര്യം പോലീസിനെ അറിയിക്കുകയാണ് വേണ്ടത്.