{"vars":{"id": "89527:4990"}}

വന്ദേഭാരതിൽ വിദ്യാർഥികൾ ഗണഗീതം പാടിയതിനെ പ്രശംസിച്ച് കോൺഗ്രസ് നേതാവ് എൻ എസ് നുസൂർ
 

 

എറണാകുളം-ബംഗളൂരു വന്ദേഭാരത് എക്‌സ്പ്രസിന്റെ ഉദ്ഘാടന സർവീസിൽ സ്‌കൂൾ വിദ്യാർഥികൾ ട്രെയിനിൽ ആർഎസ്എസിന്റെ ഗണഗീതം പാടിയതിനെ പിന്തുണച്ച് കോൺഗ്രസ് നേതാവ് എൻ എസ് നുസൂർ. കുട്ടികൾ പാടിയത് വിവാദ ഗാനം അല്ലെന്നും വർഷങ്ങൾക്ക് മുമ്പ് സ്‌കൗട്ട് ആൻഡ് ഗൈഡ്‌സ് ക്യാമ്പുകളിൽ ഈ ഗാനം താനും പാടിയിട്ടുണ്ടെന്നും നുസൂർ ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു

ഈ ഗാനം എന്തിനാണ് ആർ എസ് എസിന് തീറെഴുതുന്നതെന്നും യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന വൈസ് പ്രസിഡന്റ് കൂടിയായ നുസൂർ ചോദിച്ചു. ഗാനം ആലപിച്ച വിദ്യാർഥികൾക്ക് ആശംസകൾ നേർന്നാണ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്

എത്ര മനോഹരമായാണ് കുട്ടികൾ പാടുന്നതെന്നും കുറിപ്പിൽ പ്രശംസിക്കുന്നുണ്ട്. പ്രതിപക്ഷ നേതാവ് വിഡി സതീശൻ ഉൾപ്പെടെ വിദ്യാർഥികൾ ഗണഗീതം പാടിയതിനെ വിമർശിക്കുമ്പോഴാണ് എൻ എസ് നുസൂർ വ്യത്യസ്ത അഭിപ്രായവുമായി രംഗത്തുവന്നത്. കെ സുരേന്ദ്രൻ അടക്കമുള്ള ബിജെപി നേതാക്കൾ നുസൂറിന്റെ പോസ്റ്റ് ഷെയർ ചെയ്തിട്ടുണ്ട്.