{"vars":{"id": "89527:4990"}}

ഫിഷറീസിൽ തട്ടി വലഞ്ഞ് കോൺഗ്രസും മുസ്‌ലിം ലീ​ഗും

 

തിരുവനന്തപുരം: മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്ത് മൂന്നാം ദിവസവും വകുപ്പ് വിഭജനം പൂർത്തിയാക്കാനാകാതെ യുഡിഎഫ്. ഫിഷറീസ് വകുപ്പ് വിട്ടുനൽകുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് വകുപ്പ് വിഭജനം കീറാമുട്ടിയാക്കുന്നത്. നേരത്തെ ഉന്നതവിദ്യാഭ്യാസ വകുപ്പ് കോൺ​ഗ്രസിന് വിട്ടുനൽകാൻ മുസ്‌ലിം ലീ​ഗ് സമ്മതിച്ചിരുന്നു. പകരമായി ഫിഷറീസ് വകുപ്പാണ് മുസ്‌ലിം ലീ​ഗ് ആവശ്യപ്പെട്ടിരുന്നത്. എന്നാൽ ഫിഷറീസ് വകുപ്പ് വിട്ടു കൊടുക്കാൻ കഴിയില്ലെന്ന നിലപാടിലാണ് കോൺ​ഗ്രസ്. ഫിഷറീസ് ലീ​ഗിന് വിട്ട് കൊടുക്കരുതെന്നാണ് കോൺ​ഗ്രസിലെ ഒരു വിഭാ​ഗത്തിൻ്റെ ആവശ്യം. മുസ്‌ലിം ലീ​ഗിന് ഫിഷറീസ് വിട്ടു നൽകരുതെന്ന് ലത്തീൻസഭയും ആവശ്യപ്പെട്ടിട്ടുണ്ട്. ഉന്നത വിദ്യാഭ്യാസ വകുപ്പ് റോജി എം ജോണിന് നൽകാനാണ് കോൺ​​ഗ്രസിൽ ധാരണയായിരുന്നത്. എന്നാൽ ഫിഷറീസ് വിട്ടു നൽകിയില്ലെങ്കിൽ ഉന്നത വിദ്യാഭ്യാസ വകുപ്പ് കൈമാറാൻ കഴിയില്ലെന്ന നിലപാടിലാണ് മുസ്‌ലിം ലീ​ഗ്.

ഫിഷറീസ് വകുപ്പുമായി ബന്ധപ്പെട്ട് ലത്തീൻസഭ സ്വീകരിച്ചിരിക്കുന്ന നിലപാടാണ് കോൺ​ഗ്രസിനെ പ്രതിരോധത്തിൽ ആക്കിയിരിക്കുന്നത്. ലത്തീൻസഭയെ അനുനയിപ്പിക്കാനുള്ള നീക്കം കോൺ​ഗ്രസ് നടത്തുന്നുണ്ടെങ്കിലും ആവശ്യത്തിൽ നിന്ന് പിന്നോട്ട് പോകാൻ സഭാനേതൃത്വം തയ്യാറായിട്ടില്ലെന്നാണ് വിവരം. മന്ത്രിമാരായ കെ മുരളീധരനും സി പി ജോണും കഴിഞ്ഞ ദിവസം ലത്തീന്‍ അതിരൂപത ആസ്ഥാനത്തെത്തിയിരുന്നു. മന്ത്രിസ്ഥാനം സംബന്ധിച്ച് അതൃപ്തി പ്രകടമാക്കിയ ലത്തീന്‍ സഭയെ അനുനയിപ്പിക്കുന്നതിന്റെ ഭാഗമായാണ് മന്ത്രിമാര്‍ സഭാ ആസ്ഥാനത്തെത്തിയത്. ആര്‍ച്ച് ബിഷപ്പ് തോമസ് ജെ നെറ്റോയുമായി ഇരുവരും കൂടിക്കാഴ്ച്ച നടത്തി. കടലിനെ അറിയുന്നയാള്‍ മന്ത്രിയാകണം എന്ന് മുഖ്യമന്ത്രി വി ഡി സതീശനോടും സഭ ആവശ്യപ്പെട്ടിരുന്നു.

ഇതിനിടെ ഉന്നതവിദ്യാഭ്യാസ വകുപ്പ് മുസ്‌ലിം ലീ​ഗ് കൈവശം വെയ്ക്കണം എന്നാവശ്യപ്പെട്ട് ലീ​ഗിനെ അനുകൂലിക്കുന്ന അധ്യാപകരും ​ഗവേഷകരും രം​ഗത്ത് വന്നിരുന്നു. ഈ ആവശ്യം ഉന്നയിച്ച് 79 പേർ സംയുക്ത പ്രസ്താവനയും പുറത്തിറക്കിയിരുന്നു. സംസ്ഥാന മന്ത്രിസഭയിൽ വിദ്യാഭ്യാസ വകുപ്പ് വിഭജിക്കുകയാണെങ്കിൽ ഉന്നത വിദ്യാഭ്യാസ വകുപ്പിൻ്റെ ചുമതല നിർബന്ധമായും മുസ്‌ലിം ലീ​ഗ് ഏറ്റെടുക്കണമെന്നായിരുന്നു സംയുക്ത പ്രസ്താവനയിൽ ഇവർ ആവശ്യപ്പെട്ടിരിക്കുന്നത്. ഉന്നത വിദ്യാഭ്യാസ മേഖലയിൽ മലബാറിനോട് കാലങ്ങളായി തുടരുന്ന കടുത്ത വിവേചനവും അസന്തുലിതാവസ്ഥയും ശാശ്വതമായി പരിഹരിക്കാൻ ലീ​ഗ്, ഉന്നത വി​ദ്യാഭ്യാസ വകുപ്പ് ഏറ്റെടുത്തേ മതിയാകൂ എന്നാണ് സംയുക്ത പ്രസ്താവനയിൽ ചൂണ്ടിക്കാണിച്ചിരുന്നത്.

ഉന്നത വിദ്യാഭ്യാസ മേഖഖലയിലെ മലബാറിൻ്റെ പിന്നാക്കാവസ്ഥ കണക്കുകൾ ഉദ്ധരിച്ച് പ്രസ്താവനയിൽ ചൂണ്ടിക്കാണിച്ചിരുന്നു. സംസ്ഥാനത്ത് ആകെയുള്ള ബിരുദാനന്തര ബിരുദ കോഴ്സുകളുടെ സീറ്റുകളിൽ 23.9 ശതമാനവും ബിരുദ കോഴ്സുകളിൽ 28.1 ശതമാനം സീറ്റുകളും മാത്രമാണ് മലബാറിൽ ഉള്ളതെന്ന് സംയുക്ത പ്രസ്താവനയിൽ പറയുന്നുണ്ട്. മലബാറിൻ്റെ പിന്നാക്കാവസ്ഥ പരിഹരിക്കുന്നതിനായി ആർട്സ് ആൻ്റ് സയൻസ് കോളേജുകൾ ഇല്ലാത്ത എല്ലാ മണ്ഡലങ്ങളിലും കോളേജ് ആരംഭിക്കാൻ തീരുമാനിച്ചതിന് ശേഷമാണ് ഈ കുറവെന്നും പ്രസ്താവനയിൽ പറയുന്നു. കഴിഞ്ഞ ഇടതുപക്ഷ സർക്കാരിൻ്റെ കാലത്താണ് ഈ വിവേചനം രൂക്ഷമായതെന്നും കുറ്റപ്പെടുത്തലുണ്ട്. തെക്കൻ കേരളത്തിൽ ചില സമുദായ മാനേജ്മെൻ്റ് കോളേജുകൾ ഉൾപ്പെടെ മിക്ക കോളേജുകൾക്കും തൊഴിൽ സാധ്യതയുള്ള രണ്ട് ന്യൂജെൻ കോഴ്സുകൾ നൽകിയപ്പോൾ മലബാറിൽ അനുവദിക്കപ്പെട്ടത് കാലഹരണപ്പെട്ട കോഴ്സുകൾ മാത്രമാണെന്നും കുറ്റപ്പെടുത്തലുണ്ട്.