മറ്റത്തൂർ പഞ്ചായത്തിൽ സമവായം; ബിജെപി പിന്തുണയിൽ വിജയിച്ച വൈസ് പ്രസിഡന്റ് ഇന്ന് രാജിവെക്കും
തൃശൂർ മറ്റത്തൂരിൽ വിമതരെ അനുനയിപ്പിച്ച് കോൺഗ്രസ്. ബിജെപി പിന്തുണയിൽ മറ്റത്തൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റായ നൂർജഹാൻ നവാസ് ഇന്ന് രാജിവെക്കും. കെപിസിസി പ്രസിഡന്റ ഇടപെട്ട് വിമത വിഭാഗം നേതാക്കളുമായി നടത്തിയ ചർച്ചയിലായിരുന്നു തീരുമാനം.
വിമതയായി മത്സരിച്ച ടെസി മാത്യുവിന്റെ പ്രസിഡന്റ് സ്ഥാനം രാജിവെക്കാൻ കഴിയില്ല എന്നായിരുന്നു വിമതപക്ഷത്തിന്റെ പ്രധാന നിർദേശം. ഇത് അംഗീകരിച്ചു കൊണ്ടാണ് വൈസ് പ്രസിഡന്റ് നൂർജഹാൻ നവാസിനെ രാജിവെപ്പിച്ചു കൊണ്ടുള്ള കെപിസിസിയുടെ സമവായം.
ബിജെപിയുമായി സഖ്യം ചേർന്ന് വോട്ട് ചെയ്ത പഞ്ചായത്ത് അംഗങ്ങൾ തെറ്റ് ഏറ്റുപറയും ഇവർക്ക് പാർട്ടിയിലേക്ക് തിരിച്ച് വരാനും അവസരം ഒരുക്കും. വിമത വിഭാഗം നേതാക്കൾ ഉന്നയിച്ച പരാതികളിലും അന്വേഷണം നടത്തും. മറ്റത്തൂരിൽ ഡി.സി.സി നേതൃത്വത്തിന് വീഴ്ച പറ്റിയിട്ടുണ്ടോയെന്ന് പരിശോധിക്കുമെന്നും വിമതർക്ക് കെപിസിസി ഉറപ്പു നൽകിയിട്ടുണ്ട്.