{"vars":{"id": "89527:4990"}}

മണ്ഡല പുനർനിർണയം; കേരളത്തെയും ബാധിക്കും; രാജ്യത്തിന്റെ ഫെഡറൽ സംവിധാനത്തെ അട്ടിമറിക്കാനുള്ള നീക്കം: മുഖ്യമന്ത്രി

 

മണ്ഡല പുനർനിർണയം എന്ന പേരിൽ കേന്ദ്ര സർക്കാർ ധൃതിയിൽ നടത്താൻ ശ്രമിക്കുന്നത് സാധാരണ ഭരണപരിഷ്കാരം എന്ന നിലയിൽ ചുരുക്കി കാണാനാവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ജനസംഖ്യാ നിയന്ത്രണത്തിലും വിദ്യാഭ്യാസം, ആരോഗ്യം, സ്ത്രീശാക്തീകരണം തുടങ്ങിയ മേഖലകളിലും മുന്നേറി ഉത്തരവാദിത്തത്തോടെ പ്രവർത്തിച്ച സംസ്ഥാനങ്ങൾ ശിക്ഷിക്കപ്പെടുന്ന അവസ്ഥയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

രാജ്യത്തിന്റെ ഫെഡറൽ സംവിധാനത്തെ തന്നെ അട്ടിമറിക്കാനുള്ള നീക്കമാണ് എന്ന ഗുരുതരമായ സംശയമാണ് ഉയർന്നിട്ടുള്ളത്. പാർലമെന്റിന്റെ പ്രത്യേക സമ്മേളനത്തിൽ അവതരിപ്പിക്കപ്പെടുന്ന ബില്ലും 2011 ലെ സെൻസസ് അടിസ്ഥാനമാക്കി മുന്നോട്ടുവെക്കുന്ന അതിലെ നിർദ്ദേശങ്ങളും സംസ്ഥാനങ്ങളുടെ അവകാശങ്ങളെയും തുല്യനീതിയേയും സാരമായി ബാധിക്കുന്നതാണ്.

സംസ്ഥാനങ്ങളുമായി സമവായത്തിൽ എത്താതെയാണ് ഇത്തരം നിർണായക വിഷയത്തിൽ കേന്ദ്രം മുന്നോട്ട് പോകുന്നത് എന്നതുതന്നെ ആശങ്കാജനകമാണ്. ജനസംഖ്യയുടെ പേരിൽ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ രാഷ്ട്രീയ ആധിപത്യം ലോക്സഭ സീറ്റുകളാക്കി മാറ്റി അധികാരം ദീർഘകാലത്തേക്ക് ഉറപ്പിക്കാൻ ശ്രമിക്കുകയാണെന്ന സംശയം വ്യാപകമാണ്. ഇതിന്റെ നേരിട്ടുള്ള ആഘാതം കേരളം പോലുള്ള സംസ്ഥാനങ്ങൾക്കാണെന്നും അദ്ദേഹം പ്രസ്‌താവനയിൽ വ്യക്തമാക്കി.

അതേസമയം വനിതാ സംവരണ ബില്ലിനൊപ്പം കേന്ദ്ര സർക്കാർ നടപ്പിലാക്കാൻ പോകുന്ന മണ്ഡല പുനർനിർണയ നീക്കത്തിനെതിരെ കടുത്ത പ്രതിഷേധത്തിന് തമി‍ഴ്നാട്. നാളെ കരിങ്കൊടി പ്രതിഷേധം നടത്തും. ഇന്ന് രാവിലെ മണ്ഡല പുനർനിർണയ ബില്ലിനെക്കുറിച്ച് ചർച്ച ചെയ്യാനായി തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ യോഗം വിളിച്ചിരുന്നു. രാവിലെ 11 മണിക്ക് യോഗം സംഘടിപ്പിച്ചിരുന്നത്. ഇതിന് പിന്നാലെയാണ് കരിങ്കൊടി പ്രതിഷേധത്തിന് ആഹ്വാനം ചെയ്തത്.