അതീവ ആശങ്ക: തിരുവനന്തപുരത്ത് ഇന്ന് 540 പേർക്ക് കൊവിഡ്, മലപ്പുറത്ത് 322 പേർക്ക്; മൂന്ന് ജില്ലകളിൽ 200ലധികം കേസുകൾ

സംസ്ഥാനത്ത് അതീവ ആശങ്ക സൃഷ്ടിച്ച് കൊവിഡ് വ്യാപനം കൂടുതൽ രൂക്ഷമാകുന്നു. ഇതാദ്യമായി രണ്ടായിരത്തിലധികം പേർക്കാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ച 2333 പേരിൽ 2151
 

സംസ്ഥാനത്ത് അതീവ ആശങ്ക സൃഷ്ടിച്ച് കൊവിഡ് വ്യാപനം കൂടുതൽ രൂക്ഷമാകുന്നു. ഇതാദ്യമായി രണ്ടായിരത്തിലധികം പേർക്കാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ച 2333 പേരിൽ 2151 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗബാധയെന്നത് സാഹചര്യത്തിന്റെ ഗൗരവം വർധിപ്പിക്കുന്നു. നിലവിൽ 17,382 പേരാണ് സംസ്ഥാനത്ത് ചികിത്സയിൽ കഴിയുന്നത്. 32,611 പേർ രോഗമുക്തി നേടി.

തിരുവനന്തപുരം ജില്ലയിൽ ഇന്ന് 540 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. മലപ്പുറത്ത് 322 പേർക്കും രോഗം സ്ഥിരീകരിച്ചു. കൂടാതെ മൂന്ന് ജില്ലകളിൽ 200ലധികം കേസുകൾ റിപ്പോർട്ട് ചെയ്തു. ആലപ്പുഴയിൽ 253 പേർക്കും എറണാകുളത്ത് 230 പേർക്കും കോട്ടയത്ത് 203 പേർക്കുമാണ് രോഗബാധ സ്ഥിരീകരിച്ചത്.

കാസർകോട് ജില്ലയിൽ 174 പേർക്കും കണ്ണൂരിൽ 126 പേർക്കും ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു. ഏഴ് മരണങ്ങളും ഇന്ന് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ആഗസ്റ്റ് 12ന് മരണമടഞ്ഞ തിരുവനന്തപുരം കാലടി സൗത്ത് സ്വദേശിനി ഭാർഗവി (90), പത്തനംതിട്ട അടൂർ സ്വദേശി ഷംസുദീൻ (65), ആഗസ്റ്റ് 15ന് മരണമടഞ്ഞ തിരുവനന്തപുരം ആര്യനാട് സ്വദേശിനി മീനാക്ഷി (86), ആഗസ്റ്റ് 17ന് മരണമടഞ്ഞ കൊല്ലം കുളത്തൂപ്പുഴ സ്വദേശി രാജൻ (56), എറണാകുളം ആലുവ സ്വദേശിനി ജമീല (53), ആഗസ്റ്റ് 18ന് മരണമടഞ്ഞ എറണാകുളം കോതമംഗലം സ്വദേശി ടി.വി. മത്തായി (67), ആഗസ്റ്റ് 14ന് മരണമടഞ്ഞ എറണാകുളം കോതാട് സ്വദേശി തങ്കപ്പൻ (64) എന്നിവരുടെ പരിശോധനാഫലം കോവിഡ്-19 മൂലമാണെന്ന് എൻഐവി ആലപ്പുഴ സ്ഥിരീകരിച്ചു. ഇതോടെ ആകെ മരണം 182 ആയി.