കൊച്ചി മറൈൻ ഡ്രൈവിലെ സ്ഥാപനത്തിൽ നിന്നും അനധികൃത സൗന്ദര്യവർധക ഉത്പന്നങ്ങൾ പിടിച്ചെടുത്തു

കൊച്ചി മറൈൻ ഡ്രൈവിലെ സൗന്ദര്യവർധക വസ്തുക്കളുടെ മൊത്ത വിതരണ സ്ഥാപനത്തിൽ ഡ്രഗ്സ് കൺട്രോൾ വിഭാഗത്തിന്റെ റെയ്ഡ്. വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്ത നിരവധി ഉത്പന്നങ്ങൾ ഉദ്യോഗസ്ഥർ പിടിച്ചെടുത്തു.
 

കൊച്ചി മറൈൻ ഡ്രൈവിലെ സൗന്ദര്യവർധക വസ്തുക്കളുടെ മൊത്ത വിതരണ സ്ഥാപനത്തിൽ ഡ്രഗ്‌സ് കൺട്രോൾ വിഭാഗത്തിന്റെ റെയ്ഡ്. വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്ത നിരവധി ഉത്പന്നങ്ങൾ ഉദ്യോഗസ്ഥർ പിടിച്ചെടുത്തു. മറൈൻഡ്രൈവിലെ മിഡാസ് എന്ന സ്ഥാപനത്തിലാണ് റെയ്ഡ് നടന്നത്.

മുടി വളരാനുള്ള വൈറ്റമിൻ ഇ ഗുളികകൾ, അലോവെര ജെൽ, ഹെന്ന പൗഡർ, മുഖത്ത് തേക്കുന്ന ക്യാപ്‌സ്യൂളുകൾ എന്നിവയാണ് പിടിച്ചെടുത്തത്. ഈ ഉത്പന്നങ്ങൾ വാങ്ങി ഉപയോഗിച്ച ചിലർക്ക് പാർശ്വഫലങ്ങൾ ഉള്ളതായി പരാതി ലഭിച്ചിരുന്നു. തുടർന്നാണ് പരിശോധന നടത്തിയത്.

സൗന്ദര്യ വർധക വസ്തുക്കളുടെ നിർമാണ തീയതിയോ കാലാവധി അവസാനിക്കുന്ന തീയതിയോ ഇതിൽ രേഖപ്പെടുത്തിയിരുന്നില്ല. നിർമാതാക്കളുടെ വിവരങ്ങളും പാക്കിംഗിൽ ഇല്ല. ഉത്പന്നങ്ങളുടെ ശരിയായ ബില്ലും വിൽപ്പനക്കാരുടെ പക്കൽ ഇല്ലെന്ന് ഡ്രഗ്‌സ് കൺട്രോൾ വിഭാഗം അറിയിച്ചു.