അരിക്കൊമ്പനെ മാറ്റുന്നത് സംബന്ധിച്ച പ്രശ്‌നങ്ങൾ കോടതിയെ ബോധ്യപ്പെടുത്തും: മന്ത്രി ശശീന്ദ്രൻ
 

 

അരിക്കൊമ്പനെ മാറ്റുന്നത് സംബന്ധിച്ച പ്രശ്നങ്ങൾ കോടതിയെ ബോധ്യപ്പെടുത്താൻ ശ്രമിക്കുമെന്ന് വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ. കോടതി വിധി സർക്കാരിന് കൂടുതൽ ഉത്തരവാദിത്വം നിർവഹിക്കാൻ ഉണ്ടെന്ന് തെളിയിക്കുകയാണെന്നും നിയമപരമായി പ്രശ്നം പരിഹരിക്കാനുള്ള ശ്രമമാണ് സർക്കാർ നടത്തുന്നതെന്നും വനം വകുപ്പ് മന്ത്രി പറഞ്ഞു. പറമ്പിക്കുളത്തുകാരുടെ ആശങ്ക പൂർണ്ണമായി മാറി എന്ന് കരുതുന്നില്ലെന്നും ജനങ്ങൾക്ക് ഉണ്ടാകാൻ സാധ്യതയുള്ള ബുദ്ധിമുട്ടുകൾ മുന്നിൽ കണ്ടാണ് ഈ സ്ഥലങ്ങൾ ഒന്നും വനം വകുപ്പ് തെരഞ്ഞെടുക്കാതിരുന്നതെന്നും മന്ത്രി വ്യക്തമാക്കി. 

ഫെബ്രുവരി 21നാണ് ചീഫ് വൈൽഡ് ലൈഫ് വാർഡൻ അരിക്കൊമ്പനെ മയക്കു വെടിവച്ച് പിടികൂടാൻ ഉത്തരവിട്ടത്. ആവശ്യമായ എല്ലാ ഒരുക്കങ്ങളും വനം വകുപ്പ് പൂർത്തിയാക്കുകയും ചെയ്തു. കേസ് കോടതിയിലായതോടെ നടപടികളെല്ലാം മുടങ്ങി. അഞ്ചിന് കേസ് പരിഗണിച്ചപ്പോൾ അരിക്കൊമ്പനെ പിടികൂടാൻ അനുകൂല ഉത്തരവ് കിട്ടി. റോഡിയോ കോളർ എത്താത്തതിനാൽ പിടികൂടാനായില്ല. നടപടികൾ ഒരാഴ്ച കൂടി നീളുമെന്നതാണ് ഇപ്പോഴത്തെ ആശങ്കക്ക് കാരണം.