{"vars":{"id": "89527:4990"}}

തെരഞ്ഞെടുപ്പ് തോൽവിയിൽ സിപിഎം ഗാന്ധി പ്രതിമ തല്ലിത്തകർക്കുന്നു; ശക്തമായ പ്രതികരണമുണ്ടാകുമെന്ന് സതീശൻ
 

 

തെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ കണ്ണൂരിൽ വ്യാപക അതിക്രമമാണ് സിപിഎമ്മിന്റെ നേൃത്വത്തിൽ നടക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. പയ്യന്നൂരിലും പാനൂരിലും ബോംബുകളും വടിവാളുകളുമായി ചില അക്രമിസംഘങ്ങൾ അഴിഞ്ഞാടുകയാണ്. പല സ്ഥലത്തും ഇതെല്ലാം പോലീസ് നോക്കിനിൽക്കുകയാണ്. മുഖ്യമന്ത്രിയുടെ സ്വന്തം ഗ്രാമത്തിൽ ബോംബ് പൊട്ടി കൈ പോയതിന് പടക്കം പൊട്ടി എന്നാണ് പോലീസ് പറയുന്നത്.

സ്വന്തം നാട്ടിൽ, സ്വന്തം പാർട്ടിക്കാർ എതിരാളികളെ കൊല്ലാൻ ബോംബ് നിർമിക്കുമ്പോൾ മുഖ്യമന്ത്രി അതിന് കൂട്ടുനിൽക്കുകയാണ്. മുഖ്യമന്ത്രി ഈ സ്ഥാനത്ത് ഇരിക്കാൻ യോഗ്യനല്ല. പോലീസിനെ പരിഹാസപാത്രമാക്കുകയാണ്. ക്രിമിനലുകളെ കസ്റ്റഡിയിലെടുക്കണമെന്നും സതീശൻ ആവശ്യപ്പെട്ടു.

മഹാത്മാ ഗാന്ധിയുടെ പ്രതിമ തല്ലി തകർക്കുന്നു, ഇന്ദിര ഗാന്ധിയുടെ പ്രതിമ വികൃതമാക്കി. എത്ര ഹീനമായാണ് സിപിഎം തെരഞ്ഞെടുപ്പ് തോൽവിയിൽ പ്രതികാരം ചെയ്യുന്നത്. ശക്തമായ പ്രതികരണം ഞങ്ങളിൽ നിന്നുണ്ടാകും. ഞങ്ങളുടെ പ്രവർത്തകരെ ക്രിമിനലുകൾക്ക് വിട്ടുകൊടുക്കില്ലെന്നും സതീശൻ പറഞ്ഞു.