സീറ്റ് സിപിഐക്ക് നൽകി: കൊല്ലം ശാസ്താംകോട്ടയിൽ സിപിഎം ലോക്കൽ സെക്രട്ടറി രാജിവെച്ചു
സ്ഥാനാർഥി നിർണയ തർക്കത്തെ തുടർന്ന് സിപിഎം ലോക്കൽ കമ്മിറ്റി സെക്രട്ടറി രാജിവച്ചു. ശാസ്താംകോട്ട കിഴക്ക് ലോക്കൽ കമ്മിറ്റി സെക്രട്ടറി പി ആർ അജിത്താണ് ഏരിയ നേതൃത്വത്തിന് രാജി നൽകിയത്. ഭരണിക്കാവ് ബ്ലോക്ക് ഡിവിഷനിൽ പ്രാദേശിക നേതൃത്വത്തോട് ചർച്ച ചെയ്യാതെ മുൻ എസ്എഫ്ഐ നേതാവിന് സീറ്റ് നൽകിയതാണ് രാജിയിലേക്ക് നയിച്ചതെന്നാണ് വിവരം.
മുതിർന്ന നേതാക്കൾ ഇടപെട്ട് അജിത്തിനെ അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. നിലവിൽ അജിത്തിന് പകരം ചുമതല ബ്ലോക്ക് പഞ്ചായത്ത് മുൻ അംഗം കൂടിയായ സനിൽകുമാറിന് നൽകി. ശാസ്താംകോട്ട പഞ്ചായത്തിലെ ഭരണിക്കാവ് വാർഡിലെയും ഭരണിക്കാവ് ബ്ലോക്ക് ഡിവിഷനിലെയും സ്ഥാനാർഥിനിർണയത്തിലെ അതൃപ്തി പ്രകടമാക്കിയാണ് അജിത്തിന്റെ രാജി.
എൽഡിഎഫിന്റെ ധാരണപ്രകാരം ഭരണിക്കാവ് വാർഡ് സിപിഐക്കാണ് നൽകിവരുന്നത്. സിപിഐയിലെ ഒരു വിഭാഗം സിപിഎമ്മിൽ ചേർന്നതോടെ വാർഡ് സിപിഎം ഏറ്റെടുത്ത് മത്സരിക്കണമെന്ന നിർദേശം ഒരു വിഭാഗം മുന്നോട്ടുവച്ചിരുന്നു. എന്നാൽ ഇത് പരിഗണിക്കാതെ സീറ്റ് സിപിഐക്ക് നൽകിയതാണ് വിഭാഗീയതയ്ക്ക് ഇടയാക്കിയത്.