നിരീക്ഷണത്തിലിരുന്ന പെൺകുട്ടിയുടെ വീടിന് കല്ലെറിഞ്ഞ കേസിലെ പ്രതികൾ കീഴടങ്ങി

പത്തനംതിട്ട തണ്ണിത്തോട് കൊവിഡ് നിരീക്ഷണത്തിലിരുന്ന പെൺകുട്ടിയുടെ വീടിന് നേർക്ക് കല്ലെറിഞ്ഞ കേസിലെ മൂന്ന് പ്രതികൾ കീഴടങ്ങി. തണ്ണിത്തോട് സ്വദേശികളായ നവീൻ, ജിൻസൺ, സനൽ എന്നിവരാണ് കീഴടങ്ങിയത്. മൂന്ന്
 

പത്തനംതിട്ട തണ്ണിത്തോട് കൊവിഡ് നിരീക്ഷണത്തിലിരുന്ന പെൺകുട്ടിയുടെ വീടിന് നേർക്ക് കല്ലെറിഞ്ഞ കേസിലെ മൂന്ന് പ്രതികൾ കീഴടങ്ങി. തണ്ണിത്തോട് സ്വദേശികളായ നവീൻ, ജിൻസൺ, സനൽ എന്നിവരാണ് കീഴടങ്ങിയത്. മൂന്ന് പേരും സിപിഎം പ്രവർത്തകരാണ്. ഇവരെ നേരത്തെ സിപിഎമ്മിൽ നിന്ന് പുറത്താക്കിയിരുന്നു.

കേസിൽ നേരത്തെ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കോയമ്പത്തൂരിൽ നിന്നെത്തിയ പെൺകുട്ടി വീട്ടിൽ നിരീക്ഷണത്തിൽ കഴിയവെയാണ് സംഭവം. പെൺകുട്ടിയുടെ പിതാവ് നാട്ടിൽ കറങ്ങി നടക്കുകയാണെന്ന് ഇവർ വാട്‌സാപ്പ് ഗ്രൂപ്പുകളിലൂടെ പ്രചരിപ്പിക്കുകയായിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് പെൺകുട്ടി മുഖ്യമന്ത്രിക്ക് പരാതി നൽകി. ഇതിന് പിന്നാലെയാണ് പെൺകുട്ടിയുടെ വീടിന് നേർക്ക് കല്ലെറിഞ്ഞത്.

സംഭവത്തിലെ പ്രതികൾ ആരാണെങ്കിലും കടുത്ത നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെ പ്രതികളായ ആറ് പേരെയും പാർട്ടിയിൽ നിന്ന് സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി സസ്‌പെൻഡ് ചെയ്തു. രാജേഷ്, അശോകൻ, അജേഷ്, സനൽ, നവീൻ, ജിൻസൺ എന്നിവരെയാണ് സസ്‌പെൻഡ് ചെയ്തത്.

പ്രതികളുടെ നടപടി പാർട്ടിക്കും സർക്കാരിനും മോശം പ്രതിച്ഛായ ഉണ്ടാക്കിയെന്ന് സിപിഎം ജില്ലാസെക്രട്ടറി ഉദയഭാനു പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറഞ്ഞിരുന്നു. മനുഷ്യത്വരഹിതമായ പ്രവൃത്തി ചെയ്തതിനാലാണ് ഇവരെ പുറത്താക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.