{"vars":{"id": "89527:4990"}}

വയനാട് ടൗണ്‍ഷിപ്പ് നിര്‍മാണം അവസാനഘട്ടത്തില്‍ എത്തിയ വീടുകളില്‍ വിള്ളല്‍, ചോര്‍ച്ച

 

കല്‍പ്പറ്റ: വയനാട് ടൗണ്‍ഷിപ്പില്‍ നിര്‍മാണം അവസാനഘട്ടത്തില്‍ എത്തിനില്‍ക്കുന്ന വീടുകളില്‍ വിള്ളല്‍. ആദ്യഘട്ടത്തില്‍ കൈമാറുന്ന 178 വീടുകളിലെ രണ്ടു വീടുകള്‍ക്കാണ് വിള്ളല്‍. ഈ മാസവും ടൗണ്‍ഷിപ്പ് താമസയോഗ്യമാകില്ലെന്നാണ് വിവരം. ടൗണ്‍ഷിപ്പില്‍ നിര്‍മ്മാണം വൈകുന്നതില്‍ ആശങ്കയുണ്ടെന്നും ദുരന്തബാധിതര്‍ പറഞ്ഞു.

178 വീടുകള്‍ എങ്കിലും എത്രയും വേഗം പൂര്‍ത്തീകരിക്കണമെന്നാണ് ദുരന്തബാധിതര്‍ ആവശ്യപ്പെടുന്നത്. കൈമാറിയ ഭൂരിഭാഗം വീടുകളും താമസ യോഗ്യമല്ലെന്നും വിമര്‍ശനമുണ്ട്. തനിക്ക് ലഭിച്ച വീട്ടിലെ മേല്‍ക്കൂരയില്‍ വിള്ളല്‍ വീണെന്ന് ചൂരല്‍മല സ്വദേശി നൗഫലും പ്രതികരിച്ചു. മഴപെയ്തപ്പോള്‍ വെള്ളം ചോര്‍ന്നിറങ്ങി എന്നും പരാതിയുണ്ട്.

അതേസമയം നിര്‍മാണം വൈകുന്നതില്‍ വയനാട് ജില്ലാ കളക്ടര്‍ അടിയന്തര യോഗം വിളിച്ചിട്ടുണ്ട്. ഊരാളുങ്കല്‍ സൊസൈറ്റി അധികൃതര്‍ യോഗത്തില്‍ പങ്കെടുക്കും. നിര്‍മാണ പ്രവര്‍ത്തിക്കായി മൂന്നാഴ്ച കൂടി സമയം നീട്ടി ചോദിക്കാനിരിക്കുകയാണ് ഊരാളുങ്കല്‍ സൊസൈറ്റി അധികൃതര്‍.

അടുത്ത മാസം 20ഓടെ എല്ലാ പണികളും പൂര്‍ത്തിയാക്കുമെന്നാണ് ഊരാളുങ്കല്‍ അറിയിച്ചിരിക്കുന്നത്. ഗുണനിലവാര പരിശോധന പൂര്‍ത്തിയാക്കാന്‍ കാലതാമസമുണ്ടെന്നും ചോര്‍ച്ച കണ്ടെത്തിയ ഇടങ്ങളില്‍ അറ്റകുറ്റ പണികള്‍ നടത്തുമെന്നും ഊരാളുങ്കല്‍ അറിയിച്ചു. ദുരന്തബാധിതരുടെ ഈ മാസത്തെ ദിനബത്തയും ഭക്ഷ്യ കൂപ്പണും മുടങ്ങിയത് പരിശോധിക്കുമെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ രാജനും വ്യക്തമാക്കി.

മാര്‍ച്ച് ഒന്നിനാണ് മുണ്ടക്കൈ-ചൂരല്‍മല ദുരന്തബാധിതര്‍ക്കുള്ള സംസ്ഥാന സര്‍ക്കാരിന്റെ വയനാട് ടൗണ്‍ഷിപ്പിന്റെ ഒന്നാംഘട്ട വീടുകളുടെ താക്കോല്‍ കൈമാറ്റം നടന്നത്. 

ടൗണ്‍ഷിപ്പിന്റെ ഉദ്ഘാടനവും ഗുണഭോക്താക്കള്‍ക്കുള്ള പട്ടയവിതരണവും മുഖ്യമന്ത്രി പിണറായി വിജയനാണ് നിര്‍വഹിച്ചത്.