{"vars":{"id": "89527:4990"}}

ക്രിക്കറ്റ് കോച്ചിങ്ങിനെത്തിയ കുട്ടിയെ പീഡിപ്പിച്ച കോച്ചിന് 16 വർഷം തടവ്

 

തിരുവനന്തപുരം: ക്രിക്കറ്റ് കോച്ചിങ്ങിനു വന്ന വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിൽ ക്രിക്കറ്റ് കോച്ചായ പ്രതി വള്ളക്കടവ് ശ്രീവരാഹം സ്വദേശി എം. മനുവിന് (40) 16 വർഷം കഠിനതടവും 24,000 രൂപ പിഴയും ശിക്ഷ. അതിവേഗ പ്രത്യേക കോടതി ജഡ്ജി അഞ്ജു മീര ബിർളയാണ് ശിക്ഷ വിധിച്ചത്. പിഴ ഒടുക്കാത്ത പക്ഷം രണ്ടര വർഷം തടവ് കൂടുതലായി അനുഭവിക്കണം. വിവിധ വകുപ്പുകൾ പ്രകാരമാണ് 16 വർഷത്തെ തടവ്. ഇത് ഒരുമിച്ച് അഞ്ച് വർഷം അനുഭവിച്ചാൽ മതി. കുട്ടിക്ക് നഷ്ടപരിഹാരം നൽകണമെന്നും വിധിയിലുണ്ട്.

തിരുവനന്തപുരത്തെ പ്രമുഖ ക്രിക്കറ്റ് കോച്ചിങ് സെന്‍ററിൽ ഏഴാം ക്ലാസിൽ പഠിക്കുമ്പോഴാണ് കുട്ടി കോച്ചിങ്ങിനായി എത്തുന്നത്. ആദ്യത്തെ കുറച്ച് നാളുകൾക്കു ശേഷം കുട്ടിയെ പരിശീലനത്തിന് എന്നു പറഞ്ഞ് അവിടത്തെ ജിമ്മിലേക്കു കൊണ്ട് പോയാണ് പീഡിപ്പിച്ചത്. ഇതു കൂടാതെ കുട്ടിയുടെ നഗ്ന ഫോട്ടൊ പ്രതിക്ക് എടുത്തു നൽകാനും പ്രതി പെൺകുട്ടിയെ പലതവണ നിർബന്ധിച്ചിരുന്നു. എന്നാൽ, പെൺകുട്ടി വഴങ്ങിയില്ല.

പ്രതിയുടെ ഇഷ്ടത്തിന് വഴങ്ങാതിരുന്ന പെൺകുട്ടിക്ക് പിന്നീട് പ്രതി ശരിയായ കോച്ചിങ് കൊടുക്കാതെയായി. അതിനാൽ 2021-ൽ കുട്ടി കോച്ചിങ്ങിനായി മറ്റൊരു സ്ഥലത്തേക്കു മാറി. പീഡനം പുറത്തു പറഞ്ഞാൽ ക്രിക്കറ്റ് ഭാവി തകർക്കുമെന്നു ഭീഷണിപ്പെടുത്തിയതിനാൽ കുട്ടി ഭയന്ന് വെളിയിൽ പറഞ്ഞില്ല. കോച്ചിങ്ങിനു വന്ന മറ്റ് അഞ്ച് കുട്ടികളെയും പ്രതി പീഡിപ്പിച്ചിരുന്നു. ഇതു കാരണം ഇവരും വേറെ സ്ഥലത്തേക്കു കോച്ചിങ് മാറ്റി. പ്രതിയെ ഭയന്ന് സംഭവം പുറത്ത് പറഞ്ഞില്ല.

2024 ൽ തിരുവനന്തപുരത്ത് വെച്ച് നടന്ന പെൺകുട്ടികളുടെ ക്രിക്കറ്റ് ടൂർണമെന്‍റിൽ പങ്കടുക്കാൻ എത്തിയ പീഡനത്തിൽ ഇരയായ ഒരു പെൺകുട്ടി വർഷങ്ങൾക്ക് ശേഷം പ്രതിയെ കണ്ടതിനെ തുടർന്ന് ഭയന്ന് ബഹളം വെച്ചപ്പോഴാണ് പീഡന സംഭവം പുറത്തറിയുന്നത്. ഈ കുട്ടിയുടെ പരാതി പുറത്തറിഞ്ഞതോടെയാണ് മറ്റ് കുട്ടികൾക്കും കേസ് നൽകാനുള്ള ധൈര്യം ലഭിച്ചത്. തുടർന്ന് പ്രതിക്കെതിരെ ആറ് കേസുകൾ രജിസ്റ്റർ ചെയ്തു. ഇതിൽ നാല് കേസുകളുടെ വിചാരണ പൂർത്തിയായി.

പ്രോസിക്യൂഷനു വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രൊസിക്യൂട്ടർ അഡ്വ. ആർ.എസ്. വിജയ് മോഹൻ ഹാജരായി. കന്‍റോൺമെന്‍റ് പൊലീസ് എസ്ഐമാരായ എസ്. ഷെഫിൻ, നിതിൻ നളൻ എന്നിവരാണ് കേസ് അന്വേഷിച്ചത്.