ക്രൈംബ്രാഞ്ച് സംഘം പി.എസ്.സി ആസ്ഥാനത്ത്: പൂർണ സഹകരണമെന്ന് ചെയർമാൻ; അന്വേഷണ സംഘം വിപുലീകരിച്ചു
തിരുവനന്തപുരം: പരീക്ഷകളിലെയും നിയമനങ്ങളിലെയും ക്രമക്കേടുകൾ കണ്ടെത്താനുള്ള അന്വേഷണത്തിന്റെ ഭാഗമായി പ്രത്യേക ക്രൈംബ്രാഞ്ച് അന്വേഷണ സംഘം (എസ്.ഐ.ടി) പി.എസ്.സി ആസ്ഥാനത്തെത്തി. ഐ.ജി എസ്. അജിതാബീഗത്തിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥർ പി.എസ്.സി ചെയർമാൻ ഡോ. എം.ആർ. ബൈജുവുമായി കൂടിക്കാഴ്ച നടത്തി. വൈകിട്ട് അഞ്ചരയോടെ ആരംഭിച്ച കൂടിക്കാഴ്ച അരമണിക്കൂറോളം നീണ്ടുനിന്നു.
കേസിൽ അന്വേഷണം ആരംഭിച്ച വിവരം ഐ.ജി ചെയർമാനെ ഔദ്യോഗികമായി അറിയിച്ചു. അന്വേഷണവുമായി പൂർണ്ണമായി സഹകരിക്കുമെന്നും ആവശ്യപ്പെടുന്ന എല്ലാ രേഖകളും കൈമാറാമെന്നും പി.എസ്.സി ചെയർമാൻ അന്വേഷണ സംഘത്തിന് ഉറപ്പുനൽകി.
അന്വേഷണ സംഘം വിപുലീകരിച്ചു; രണ്ടാഴ്ചയിലൊരിക്കൽ റിപ്പോർട്ട്
വിശദമായ അന്വേഷണം ആവശ്യമായി വരുന്നതിനാൽ പ്രത്യേക അന്വേഷണ സംഘം വിപുലീകരിച്ചിട്ടുണ്ട്. സി.ഐ, എസ്.ഐ റാങ്കുകളിലുള്ള പത്ത് പേരെക്കൂടി പുതുതായി സംഘത്തിൽ ഉൾപ്പെടുത്തി. അന്വേഷണ പുരോഗതി റിപ്പോർട്ട് രണ്ടാഴ്ചയിലൊരിക്കൽ പൊലീസ് ആസ്ഥാനത്ത് സമർപ്പിക്കാനാണ് നിർദ്ദേശം നൽകിയിരിക്കുന്നത്.
പരാതിക്കാരുടെ മൊഴിയെടുത്തു
ആസൂത്രണ ബോർഡ് നിയമനങ്ങളുമായി ബന്ധപ്പെട്ട് മൂന്ന് പരാതിക്കാരുടെ മൊഴി എസ്.ഐ.ടി രേഖപ്പെടുത്തി. ഏഴ് മണിക്കൂറോളം നീണ്ട വിശദമായ മൊഴിയെടുപ്പാണ് നടന്നത്. മൊഴിയുടെ അടിസ്ഥാനത്തിൽ ആവശ്യമായ രേഖകൾക്കായി ഇന്ന് പി.എസ്.സിക്ക് കത്ത് നൽകും. ഓരോ പരാതിയിലും പ്രത്യേകമായിട്ടായിരിക്കും കത്തുകൾ നൽകുക. കൂടാതെ, പി.എസ്.സിയുമായി ബന്ധപ്പെട്ട് നിരവധി പുതിയ പരാതികളും ഇന്നലെ എസ്.ഐ.ടിക്ക് ലഭിച്ചിട്ടുണ്ട്.
സർക്കാരുമായി ഏറ്റുമുട്ടലിനില്ലെന്ന് പി.എസ്.സി
നിയമന ക്രമക്കേട് ആരോപണങ്ങളിൽ സർക്കാരുമായി യാതൊരുവിധ ഏറ്റുമുട്ടലിനുമില്ലെന്ന് പി.എസ്.സി വ്യക്തമാക്കി. ഇന്നലെ ചേർന്ന കമ്മീഷൻ യോഗത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണത്തോട് പൂർണ്ണമായി സഹകരിക്കാൻ ഏകകണ്ഠമായി തീരുമാനിച്ചു. അന്വേഷണസംഘം ആവശ്യപ്പെടുന്ന എല്ലാ രേഖകളും ചട്ടങ്ങൾക്കും നിയമങ്ങൾക്കും വിധേയമായി കൈമാറും. പൊതുജനമധ്യത്തിൽ പി.എസ്.സിയുടെ വിശ്വാസ്യത നിലനിർത്തേണ്ടത് അത്യാവശ്യമാണെന്നും, ആരോപണങ്ങളുടെ നിജസ്ഥിതി അന്വേഷണത്തിലൂടെ പൊതുസമൂഹത്തിന് മുന്നിൽ ബോധ്യപ്പെടുത്തേണ്ടത് കമ്മീഷന്റെ കൂടി ആവശ്യമാണെന്നും യോഗം വിലയിരുത്തി. ഇക്കാര്യം വ്യക്തമാക്കി പി.എസ്.സി പ്രസ്താവനയും പുറത്തിറക്കും.