സർക്കാരിനെതിരായ വിമർശനങ്ങൾ സഭയിൽ പറഞ്ഞില്ല; പറഞ്ഞാൽ കൃത്യമായ മറുപടി കൊടുത്തേനെ: മുഖ്യമന്ത്രി
കൊല്ലം: സംവാദത്തിനുള്ള പ്രതിപക്ഷ നേതാവിന്റെ വെല്ലുവിളി സന്തോഷത്തോടെ സ്വീകരിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഏറ്റവും വലിയ സംവാദ സ്ഥലം നിയമസഭ ആയിരുന്നിട്ടും എന്തുകൊണ്ടാണ് സര്‍ക്കാറിനെതിരായ വിമർശനങ്ങൾ സഭയില്‍ കൊണ്ടുവരാതിരുന്നതെന്ന് മുഖ്യമന്ത്രി ചോദിച്ചു. കൊല്ലത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരു അടിയന്തര പ്രമേയം പോലും സഭയിൽ അവതരിപ്പിച്ചില്ല. അതില്‍ നിന്നെല്ലാം ഒളിച്ചോടുകയാണ് ചെയ്തത്. സഭയില്‍ പറഞ്ഞാല്‍ കൃത്യമായ മറുപടി കൊടുക്കും അത് താങ്ങാന്‍ പ്രതിപക്ഷത്തിന് കഴിയില്ല. അതിനാലാണ് ആരോപണങ്ങൾ ഉന്നയിക്കാത്തതെന്നും അദ്ദേഹം പറഞ്ഞു.
'കഴിഞ്ഞ നിയമസഭയില്‍ എന്താണ് ഉണ്ടായത്. സര്‍ക്കാരിനോ മന്ത്രിമാര്‍ക്കോ എതിരെ എന്തെങ്കിലും വിമര്‍ശനം ഉണ്ടായിരുന്നെങ്കില്‍ അത് സഭയില്‍ ഉന്നയിക്കാമായിരുന്നല്ലോ. ഒന്നും ഉന്നയിക്കാന്‍ ഇല്ല. ഒരു അടിയന്തര പ്രമേയം പോലും അവതരിപ്പിച്ചില്ല. ഇതില്‍ നിന്നെല്ലാം ഒളിച്ചോടുകയാണ് ചെയ്തത്. സഭയില്‍ പറഞ്ഞാല്‍ കൃത്യമായ മറുപടി കൊടുക്കുമല്ലോ, അത് താങ്ങാന്‍ അവര്‍ക്ക് കഴിയില്ല. അതില്‍ നിന്ന് ഒളിച്ചോടുകയാണ് ചെയ്തത്. ഇതാണ് കേരളത്തിലെ പ്രതിപക്ഷം ചെയ്തത്', മുഖ്യമന്ത്രി പറഞ്ഞു.
ഏത് പ്രതിസന്ധി വന്നാലും തളരാതെ സംസ്ഥാനത്തിന് ഇന്ന് മുന്നോട്ട് പോകാന്‍ കഴിയും. എല്ലാ മേഖലകളിലും നാടിന്റെ വികസനവും ജനങ്ങളുടെ ക്ഷേമവും ഒരുമിച്ച് കൊണ്ടുപോകാന്‍ കഴിയുന്നു. അത് സാധ്യമാക്കാന്‍ എല്‍ഡിഎഫിന് കൃത്യമായ ദിശാബോധം ഉണ്ടായിരുന്നു. 2016-ല്‍ അധികാരത്തില്‍ വന്ന എല്‍ഡിഎഫ് സര്‍ക്കാര്‍ നാടിന്റെ ശോചനീയാവസ്ഥ പരിഹരിച്ചു. 2016 ന്റെ തുടര്‍ച്ചയാണ് ഇന്ന് കാണുന്ന നാടിന്റെ മുന്നേറ്റം. യുഡിഎഫ് കാലത്ത് 68,000 കോടി രൂപയായിരുന്നു ശരാശരി മൂലധനം. കഴിഞ്ഞ വര്‍ഷം ഒരു ലക്ഷത്തി ഇരുപത്തിനാലായിരം കോടി രൂപയായി. ഇപ്പോള്‍ ഒരു ലക്ഷത്തി ഇരുപത്തി ഒമ്പതിനായിരത്തിലധികമായി. മൂലധന ചെലവില്‍ ഉണ്ടായ വര്‍ദ്ധനയും പ്രധാനപ്പെട്ടതാണ്. കേരളത്തിന്റെ മുന്നേറ്റം ഒരു ദിവസം കൊണ്ട് ഉണ്ടായതല്ല. തുടര്‍ ഭരണം വികസനത്തിന് സഹായിച്ചു. കേരളം കടത്തിലാണെന്ന ആരോപണം ഉയര്‍ത്താന്‍ ചിലര്‍ ശ്രമിക്കുകയാണ്. കേരളം കടക്കണിയില്‍ ആണെന്ന പ്രചാരണത്തിന് വസ്തുതയുമായി ഒരു ബന്ധവുമില്ല. അതൊരു രാഷ്ട്രീയ പ്രചാരണം മാത്രമാണ്. ഉള്ളത് നിയന്ത്രിതമായ കടമാണ്. ഉറച്ച സാമ്പത്തിക അടിത്തറയാണ് കേരളത്തിനുള്ളതെന്നും പിണറായി വിജയൻ കൂട്ടിച്ചർത്തു.