{"vars":{"id": "89527:4990"}}

ശബരിമലയിലെ തിരക്ക് നിയന്ത്രണം; സ്പോട്ട് ബുക്കിങ് എണ്ണം തീരുമാനിക്കാൻ പ്രത്യേക കമ്മിറ്റി

ഒരു മിനിറ്റില്‍ പതിനെട്ടാം പടി കയറുന്ന തീർത്ഥാടകരുടെ എണ്ണം 85 ആക്കും
 

ശബരിമലയിലെ സ്പോട്ട് ബുക്കിങ് എണ്ണം തീരുമാനിക്കാൻ പ്രത്യേക കമ്മിറ്റി രൂപീകരിച്ചു. പൊലീസ് കോഡിനേറ്റർ, എക്സിക്യൂട്ടീവ് ഓഫീസർ, സ്പെഷ്യൽ കമ്മീഷണർ എന്നിവരാണ് കമ്മറ്റി അംഗങ്ങൾ. ശബരിമലയിലെ തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് തീരുമാനം.

ഒരു മിനിറ്റില്‍ പതിനെട്ടാം പടി കയറുന്ന തീർത്ഥാടകരുടെ എണ്ണം 85 ആക്കും. ഇതിനായി പരിചയ സമ്പന്നരായ കൂടുതൽ പൊലീസുകാരെ നിയോഗിക്കും. നിലയ്ക്കലിലെ പാർക്കിംഗ് സംവിധാനം വർദ്ധിപ്പിക്കാനും തീരുമാനമായിട്ടുണ്ട്. എല്ലാദിവസവും എഡിഎമ്മിന്‍റെ നേതൃത്വത്തിൽ അവലോകന യോഗം ചേരാനും ഇന്ന് പമ്പയിൽ നടന്ന മന്ത്രി തലയോഗത്തിൽ തീരുമാനമായിട്ടുണ്ട്.

ഹൈക്കോടതി നിർദ്ദേശ പ്രകാരമാണ് പമ്പയിൽ അവലോകനയോഗം ചേർന്നത്. തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം ഉള്ളതിനാൽ മന്ത്രിമാർ അടക്കം പരസ്യമായി യോഗ തീരുമാനങ്ങൾ വിശദീകരിച്ചില്ല. ശബരിമലയിലെ സ്പോട്ട് ബുക്കിങിൽ ഹൈക്കോടതി ഇളവുവരുത്തിയിരുന്നു. സ്പോട്ട് ബുക്കിങ് എത്രപേര്‍ക്ക് നൽകണെന്നത് സാഹചര്യം പരിഗണിച്ച് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനും ശബരിമലയിലെ പൊലീസ് ചീഫ് കോര്‍ഡിനേറ്റര്‍ക്കും തീരുമാനിക്കാമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു.

സ്പോട്ട് ബുക്കിങ് എത്രവേണെന്നത് ഒരോ സമയത്തെയും തിരക്ക് നോക്കി തീരുമാനമെടുക്കാനാണ് നിര്‍ദേശം. സ്പോട്ട് ബുക്കിങ് 5000 ആയി നിജപ്പെടുത്താൻ കഴിഞ്ഞ ദിവസം കോടതി നിർദേശിച്ചിരുന്നു. ഈ ഉത്തരവിലാണ് സാഹചര്യം അനുസരിച്ച് ദേവസ്വം എക്സിക്യുട്ടിവ് ഓഫീസർക്കും സന്നിധാനത്തെ ചുമതലയുളള എഡിജിപിക്കും ആവശ്യമായ തീരുമാനം എടുക്കാമെന്ന് ഹൈക്കോടതി ദേവസ്വം ബെഞ്ച് നിർദേശിച്ചത്.