{"vars":{"id": "89527:4990"}}

ശബരിമല സ്വർണക്കൊള്ളയിൽ ഡി മണിക്ക് പങ്കില്ലെന്ന് അന്വേഷണ സംഘത്തിന്റെ റിപ്പോർട്ട്
 

 

ശബരിമല സ്വർണക്കൊള്ള കേസിൽ ഡി മണിക്ക് പങ്കില്ലെന്ന് പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോർട്ട്. ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലാണ് പരാമർശമുള്ളത്. പ്രവാസി വ്യവസായിയുമായുള്ള ബന്ധം തെളിയിക്കാൻ കഴിഞ്ഞില്ലെന്നുമാണ് എസ് ഐ ടി റിപ്പോർട്ടിൽ പറയുന്നത്. മണി തലസ്ഥാനത്ത് വന്നതിൽ ദുരൂഹതയില്ലെന്നും തിരുവനന്തപുരത്ത് വന്നത് വ്യക്തിപരമായ കാര്യത്തിനാണെന്നും റിപ്പോർട്ടിൽ പറയുന്നു. 

അതേസമയം ശബരിമല സ്വർണക്കൊള്ള കേസിലെ രണ്ട് പ്രതികളുടെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ പത്മകുമാർ, സ്വർണവ്യാപാരി ഗോവർധൻ എന്നിവരുടെ ജാമ്യാപേക്ഷകളിലാണ് വാദം കേൾക്കുന്നത്. സ്വർണക്കൊള്ളയിൽ പങ്കില്ലെന്നാണ് രണ്ട് പ്രതികളുടെയും വാദം

അതേസമയം പത്മകുമാറിനെതിരെ നിരവധി തെളിവുകളുണ്ടെന്നാണ് എസ് ഐ ടി കോടതിയെ അറിയിച്ചത്. പത്മകുമാർ നൽകിയ മൊഴിയും എസ് ഐ ടി കണ്ടെത്തിയ തെളിവുകളും തമ്മിൽ വൈരുദ്ധ്യമുണ്ട് എന്ന് അന്വേഷണ സംഘം നൽകിയ സത്യവാങ്മൂലത്തിൽ പറയുന്നു.