കൊടുംചൂടിനിടെ ഇരുട്ടടി; സംസ്ഥാനത്ത് അപ്രഖ്യാപിത ലോഡ് ഷെഡിങ്

 

കൊടുംചൂടിനിടെ സംസ്ഥാനത്ത് അപ്രഖ്യാപിത ലോഡ് ഷെഡിങ്. പകല്‍ സമയത്തും ലോഡ് ഷെഡിങ് ഉണ്ടാകുമെന്നാണ് കെഎസ്ഇബി അറിയിക്കുന്നത്. സംസ്ഥാനത്ത് കടുത്ത ചൂട് തുടരുന്നതിനിടെയാണ് ഇരുട്ടടിയായി അപ്രഖ്യാപിത ലോഡ് ഷെഡിംഗും എത്തുന്നത്.

സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം റെക്കോര്‍ഡിലേക്ക് കുതിക്കുകയാണെന്നതാണ് നിലവിലെ സാഹചര്യം. ഉപയോക്താക്കള്‍ വൈദ്യുതി ഉപയോഗം കുറയ്ക്കാതെ വഴിയില്ലെന്നാണ് കെഎസ്ഇബി വിശദീകരിക്കുന്നത്. വൈദ്യുതി ആവശ്യകത 5000 മെഗാവാട്ട് കടന്ന സാഹചര്യത്തിലാണ് കെഎസ്ഇബിയുടെ തീരുമാനം.

ഇന്നലെ മാത്രം സംസ്ഥാനത്ത് ഉപയോഗിക്കപ്പെട്ടത് 102.99 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ്. കഴിഞ്ഞ വര്‍ഷം ഏപ്രില്‍ 28 ന് രേഖപ്പെടുത്തിയത് 9.288 കോടി യൂണിറ്റ് ആയിരുന്നു . ഏറ്റവും കൂടിയ വൈദ്യുതി ആവശ്യകത 2022 ഏപ്രില്‍ 27 ന് രേഖപ്പെടുത്തിയ 4385 മെഗാവാട്ടും ആയിരുന്നു. എന്നാല്‍ ഈ മാസം പതിനൊന്നാം തീയതി മുതല്‍ വൈദ്യുതി ആവശ്യകതയും ഉപയോഗവും മുന്‍കാല റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നോട്ട് പോകുന്ന നിലയാണ്.

വൈകുന്നേരങ്ങളില്‍ വൈദ്യുതി ഉപയോഗത്തില്‍ സ്വയം നിയന്ത്രണം പാലിക്കണമെന്നും, വൈദ്യുത ദുരുപയോഗം ഒഴിവാക്കണമെന്നും എല്ലാവരോടും അഭ്യര്‍ത്ഥിക്കുന്നുവെന്ന് മന്ത്രി കൃഷ്ണന്‍കുട്ടി പറഞ്ഞിരുന്നു. വൈദ്യുതി അമൂല്യമാണ്, അത് ജാഗ്രതയോടെ ഉപയോഗിക്കണമെന്നും മന്ത്രി നിര്‍ദേശിച്ചിരുന്നു.