{"vars":{"id": "89527:4990"}}

കായിക വിദ്യാർഥിനികളുടെ മരണം; പോക്കറ്റിൽ ആത്മഹത്യാ കുറിപ്പ് കണ്ടെത്തി, അന്വേഷണം തുടരുന്നു
 

 

കൊല്ലത്ത് സ്‌പോർട്‌സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ(സായി) ഹോസ്റ്റലിൽ രണ്ട് വിദ്യാർഥിനികളെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പോലീസ് അന്വേഷണം തുടരുന്നു. കോഴിക്കോട് കടലുണ്ടി പേടിയാട്ടുകുന്ന് അമ്പാളി രവിയുടെ മകൾ സാന്ദ്ര(18), തിരുവനന്തപുരം മുദാക്കൽ വാളക്കാട് ഇളമ്പത്തടം വിഷ്ണു ഭവനിൽ വേണുവിന്റെ മകൾ വൈഷ്ണവി(15) എന്നിവരാണ് മരിച്ചത്

വൈഷ്ണവി 10ാം ക്ലാസ് വിദ്യാർഥിനിയും സാന്ദ്ര പ്ലസ് വൺ വിദ്യാർഥിനിയുമാണ്. രണ്ട് പേരുടെയും പോക്കറ്റുകളിൽ നിന്ന് ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയെന്ന് പോലീസ് പറയുന്നു. വൈഷ്ണവിയുടെ മുറി താഴത്തെ നിലയിലും സാന്ദ്രയുടെ മുറി മൂന്നാം നിലയിലുമാണ്.

ഇന്നലെ പുലർച്ചെ അഞ്ച് മണിക്ക് പരിശീലനം ആരംഭിച്ചപ്പോൾ ഇരുവരും എത്തിയിരുന്നില്ല. ഇവരെ അന്വേഷിച്ച് സാന്ദ്രയുടെ മുറിയിലെത്തിയപ്പോഴാണ് ഇരുവരെയും രണ്ട് ഫാനുകളിലായി തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യാ കുറിപ്പിലെ വിവരങ്ങളുടെ അടിസ്ഥാനത്തിൽ മറ്റ് കുട്ടികളുടെയും ഹോസ്റ്റൽ വാർഡന്റെയും മൊഴി പോലീസ് രേഖപ്പെടുത്തി. സംഭവത്തിൽ സ്‌പോർട്‌സ് അതോറിറ്റി ഓഫ് ഇന്ത്യയും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.