കഴക്കൂട്ടത്തെ നാല് വയസുകാരന്റെ മരണം കൊലപാതകം; പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്ത്
തിരുവനന്തപുരം കഴക്കൂട്ടത്ത് അതിഥി തൊഴിലാളിയുടെ മകനായ നാല് വയസുകാരന്റെ മരണം കൊലപാതകമെന്ന് പോലീസ്. കഴുത്തിനേറ്റ പരുക്കാണ് മരണകാരണമെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ വ്യക്തമായി. കഴുത്തൽ എന്തുകൊണ്ടോ മുറുക്കിയ പാട് ഡോക്ടർമാർ കണ്ടെത്തിയിരുന്നു
പശ്ചിമ ബംഗാൾ സ്വദേശിയായ മുന്നി ബീഗത്തിന്റെ നാല് വയസുള്ള മകൻ ഗിൽദറിനെ ഞായറാഴ്ച വൈകിട്ടാണ് കഴക്കൂട്ടം സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്. കുട്ടി ഉച്ചയ്ക്ക് ഭക്ഷണം കഴിച്ച് ഉറങ്ങുകയായിരുന്നുവെന്നും പിന്നീട് ഉണർന്നില്ല എന്നുമാണ് മാതാവ് ആശുപത്രി അധികൃതരോട് പറഞ്ഞത്
പരിശോധനയിൽ കുട്ടിയുടെ കഴുത്തിൽ പാട് കണ്ടതോടെ ഡോക്ടർമാർ പോലീസിനെ വിവരം അറിയിച്ചു. കുട്ടിയുടെ അമ്മയെയും ആൺസുഹൃത്തിനെയും പോലീസ് പിന്നാലെ കസ്റ്റഡിയിലെടുത്തിരുന്നു. കൊലപാതകമാണെന്ന് ബോധ്യപ്പെട്ടതോടെ ഇരുവർക്കും കൃത്യത്തിൽ പങ്കുണ്ടോയെന്നടക്കമുള്ള കാര്യങ്ങൾ പോലീസ് പരിശോധിക്കും
ആലുവയിൽ താമസിച്ചിരുന്ന മുന്നി ബീഗം ഭർത്താവുമായി വഴക്കിട്ടാണ് ആൺ സുഹൃത്തുമായി കഴക്കൂട്ടത്ത് എത്തിയത്. മരിച്ച കുട്ടിയെ കൂടാതെ ഒന്നര വയസുള്ള കുഞ്ഞും മുന്നി ബീഗത്തിനൊപ്പമുണ്ട്.