താനൂർ ബോട്ട് അപകടത്തിൽ മരണസംഖ്യ 22 ആയി; ബോട്ട് ഉടമക്കെതിരെ കേസെടുത്തു
 

 

കേരളത്തെ കണ്ണീരിൽ ആഴ്ത്തിയ താനൂർ ബോട്ട് അപകടത്തിൽ മരണസംഖ്യ 22 ആയി. ഏഴ് കുട്ടികളും മൂന്ന് സ്ത്രീകളുമടക്കമാണ് 22 പേർ മരിച്ചത്. ഒട്ടുംപുറം തൂവൽ തീരത്ത് വിനോദ സഞ്ചാര ബോട്ട് മുങ്ങിയാണ് വൻ ദുരന്തം സംഭവിച്ചത്. അവധിക്കാലം ആഘോഷിക്കാനെത്തിയ മുപ്പത്തിയഞ്ചിലേറെ പേരാണ് ദുരന്തത്തിൽപ്പെട്ടത്. 

ബോട്ടിലുണ്ടായിരുന്നവരിലേറെയും സ്ത്രീകളും കുട്ടികളുമായിരുന്നു. കൈക്കുഞ്ഞുങ്ങൾ അടക്കം മുങ്ങിത്താഴ്ന്നു. ചതുപ്പും വെളിച്ചക്കുറവും രക്ഷാപ്രവർത്തനത്തെ തുടക്കത്തിൽ ദുഷ്‌കരമാക്കിയിരുന്നു. ഇന്നലെ രാത്രി ഏഴരയോടെ തീരം വിട്ട ബോട്ട് മുന്നൂറ് മീറ്ററോളം സഞ്ചരിച്ചപ്പോഴാണ് തല കീഴായി മറിഞ്ഞത്. കോസ്റ്റ് ഗാർഡും നേവിയുമെത്തി ഇന്നും തെരച്ചിൽ തുടരും. ബോട്ട് മറിഞ്ഞ സ്ഥലത്തെ ചതുപ്പിൽ ഇനിയും മൃതദേഹങ്ങളുണ്ടോയെന്നും ആശങ്കയുണ്ട്.

അപകടത്തിൽ ബോട്ട് ഉടമക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. താനൂർ സ്വദേശി നാസറിനെതിരെയാണ് കേസെടുത്തത്. ഇയാൾ ഒളിവിലാണ്. നരഹത്യ അടക്കമുള്ള വകുപ്പുകൾ ചേർത്താണ് കേസ്. മാനദണ്ഡങ്ങൾ ലംഘിച്ചായിരുന്നു ബോട്ട് യാത്രയെന്ന് പോലീസ് സ്ഥിരീകരിച്ചു.