ഷാഫി പറമ്പിലിനെതിരായ അധിക്ഷേപ പരാമർശം; ഇഎൻ സുരേഷ് ബാബുവിനെതിരെ പോലീസിൽ പരാതി
Sep 26, 2025, 08:07 IST
ഷാഫി പറമ്പിൽ എംപിക്കെതിരെ അധിക്ഷേപ പരാമർശം നടത്തിയ സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ് ബാബുവിനെതിരെ പോലീസിൽ പരാതി. കോൺഗ്രസ് ബ്ലോക്ക് ജനറൽ സെക്രട്ടറി പ്രമോദാണ് പാലക്കാട് ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകിയത്. പരാമർശത്തിൽ കേസെടുക്കണമെന്നാണ് ആവശ്യം
ഇന്നലെയാണ് ഷാഫി പറമ്പിലിനെതിരെ ഇഎൻ സുരേഷ് ബാബു ലൈംഗികാരോപണം ഉന്നയിച്ചത്. ഇതിനെതിരെ ഷാഫി പറമ്പിൽ രംഗത്തുവന്നതോടെ സുരേഷ് ബാബു മലക്കം മറിഞ്ഞിരുന്നു. ഷാഫിയുടെ പേര് പറഞ്ഞില്ലെന്നായിരുന്നു പിന്നീട് സുരേഷ് ബാബു പറഞ്ഞത്.
ഭംഗിയുള്ള സ്ത്രീകളെ കണ്ടാൽ ഷാഫി പറമ്പിൽ ഉടൻ ബംഗളൂരുവിലേക്ക് ട്രിപ്പ് വിളിക്കുമെന്നായിരുന്നു സുരേഷ് ബാബുവിന്റെ ആരോപണം. ഷാഫിയും രാഹുൽ മാങ്കൂട്ടത്തിലും സ്ത്രീ വിഷയത്തിൽ കൂട്ടുകച്ചവടമാണെന്നും രാഹുലിന്റെ ഹെഡ്മാഷാണ് ഷാഫിയെന്നും സുരേഷ് ബാബു പറഞ്ഞിരുന്നു.