രാഹുൽ ഗാന്ധിയാണോ റെയ്ഡിന് ആളെ വിട്ടത്; സിപിഎമ്മിന് മറുപടിയുമായി മുഖ്യമന്ത്രി വിഡി സതീശൻ
പിറണായി വിജയന്റെ വീട്ടിൽ ഇഡി പരിശോധന നടത്തിയതിൽ പ്രതികരണവുമായി മുഖ്യമന്ത്രി വി.ഡി.സതീശൻ. മുഖ്യമന്ത്രിയുടെ മകൾക്കെതിരെ കേന്ദ്ര ഏജൻസിയാണ് കേസ് രജിസ്റ്റർ ചെയ്തത്. അന്വേഷണത്തിന്റെ ഭാഗമായാണ് അവർ നടപടികളുമായി മുന്നോട്ട് പോകുന്നത്.
ഇതിൽ സംസ്ഥാന സർക്കാരിന് യാതൊരു പങ്കുമില്ല. റെയ്ഡ് വിവരം ഇഡി മുൻകൂട്ടി പോലീസിനെ അറിയിച്ചിരുന്നില്ല. എന്നാൽ സ്ഥലത്ത് ആൾകൂട്ടം കണ്ട് ക്രമസമാധാന പ്രശ്നം ഒഴിവാക്കാൻ പോലീസിനെ വിന്യസിച്ച ആഭ്യന്തര മന്ത്രിയുടെ നടപടി അഭിനന്ദനാർഹമാണ്. പോലീസിന്റെ ഇടപെടൽ മൂലമാണ് അവിടെ വലിയൊരു സംഘർഷം ലഘൂകരിക്കാൻ കഴിഞ്ഞത്.
ഇഡി ഉദ്യോഗസ്ഥർക്ക് നേരെയുണ്ടായ ആക്രമണം അതീവ ഗുരുതരമായ കുറ്റമാണ്. രാഹുൽഗാന്ധിക്കെതിരെ സിപിഎം നടത്തുന്ന വിമർശനത്തിലും വി.ഡി.സതീശൻ പ്രതികരിച്ചു. രാഹുൽഗാന്ധിയാണോ ഇഡി റെയ്ഡിന് ആളെ അയച്ചതെന്ന് അദ്ദേഹം ചോദിച്ചു. റെയ്ഡിനുശേഷം പിണറായി വിജയൻ രാഹുൽ ഗാന്ധിയെ മാത്രമാണ് കുറ്റപ്പെടുത്തിയത്.
തനിക്കെതിരെ ഇഡി കേസ് വന്നപ്പോൾ രാഹുൽഗാന്ധി കോൺഗ്രസുകാരെ വിട്ട് ഇഡിയുടെ വാഹനം തല്ലിതകർത്തോ? രാഹുൽഗാന്ധി രാഷ്ട്രീയമായാണ് കേസിനെ നേരിട്ടത്. 56 മണിക്കൂർ അദ്ദേഹം ചോദ്യം ചെയ്യലിന് വിധേയനായി. മുഖ്യമന്ത്രിയുടെ മകൾക്കെതിരെ കേസെടുത്തത് രാഷ്ട്രീയമായാണെങ്കിൽ സിപിഎമ്മിന് രാഷ്ട്രീയമായി പ്രതിഷേധിക്കാം.
ഹൈക്കോടതി നിർദേശപ്രകാരം നടക്കുന്ന പരിശോധനയെ വിമർശിക്കാൻ സംസ്ഥാന സർക്കാരിനു കഴിയില്ല. അന്വേഷണം ഏത് രീതിയിൽ വേണമെന്ന് പറയാൻ സംസ്ഥാന സർക്കാരിന് യാതൊരു അധികാരവുമില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.