{"vars":{"id": "89527:4990"}}

പൊതുസമൂഹത്തിന് മുന്നിൽ ദിലീപ് കുറ്റക്കാരൻ; തിരുവനന്തപുരത്തും കോഴിക്കോടും സാംസ്‌കാരിക പ്രവർത്തകരുടെ പ്രതിഷേധം

 

തിരുവനന്തപുരം: നടിയെ ആക്രമിച്ച രകേസിലെ എട്ടാം പ്രതി നടന്‍ ദിലീപിനെ വെറുതെ വിട്ട കോടതി വിധിയ്ക്ക് പിന്നാലെ തിരുവനന്തപുരത്തും കോഴിക്കോടും പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ച് സാംസ്‌കാരിക പ്രവര്‍ത്തകര്‍. തിരുവനന്തപുരം മാനവീയം വീഥിയിലും കോഴിക്കോട് പുതിയ ബസ് സ്റ്റാന്‍ഡിലുമായിരുന്നു 'അവള്‍ക്കൊപ്പം' പ്രതിഷേധ കൂട്ടായ്മ.

തിരുവനന്തപുരത്ത് പന്തം തെളിയിച്ചായിരുന്നു ഐക്യദാര്‍ഢ്യത്തിന് തുടക്കം കുറിച്ചത്. കൂട്ടായ്മയില്‍ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം സംസാരിച്ചു. സര്‍ക്കാര്‍ അതിജീവിതയ്ക്ക് ഒപ്പമാണെന്നും മുഖ്യമന്ത്രിയുടെ വാക്കുകള്‍ വിശ്വസിക്കാമെന്നും അദ്ദേഹം പറഞ്ഞു

അവള്‍ക്ക് നീതി കിട്ടുന്നതുവരെ ഇടതുപക്ഷ സര്‍ക്കാര്‍ ഒപ്പമുണ്ടാകും. അവള്‍ ഒരാളല്ല, അവള്‍ നമ്മളാണെന്നും അദ്ദേഹം പറഞ്ഞു. റിപ്പോർട്ടർ ടി വി പ്രിൻസിപ്പൽ കറസ്പോണ്ടൻ്റ് ആർ റോഷിപാലും സംസാരിച്ചു. കോടതിയിലെ ജഡ്ജിമാർ സംശയാതീതരായിരിക്കണമെന്ന് എഴുത്തുകാരി സിഎസ് ചന്ദ്രിക പറഞ്ഞു. കോടതി വിധി നിരാശ ഉണ്ടാക്കുന്നതാണെന്നും പൊതു സമൂഹത്തിന് മുന്നില്‍ ദിലീപ് കുറ്റക്കാരന്‍ ആണെന്നും കോഴിക്കോട് പരിപാടിയില്‍ സംസാരിച്ച
സാമൂഹ്യ പ്രവര്‍ത്തക കെ അജിത പറഞ്ഞു.