ദിലീപിനെ വെറുതെവിട്ട സംഭവം: വിധിന്യായം പഠിക്കും, തെളിവുകളുടെ അപാകത പരിശോധിക്കുമെന്ന് പ്രോസിക്യൂഷൻ
നടിയെ ആക്രമിച്ച കേസിൽ പ്രതികൾക്ക് പരമാവധി ശിക്ഷയായ ജീവപര്യന്തം ലഭിക്കണമെന്ന് സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ വി അജികുമാർ. എട്ടാം പ്രതിയായ ദിലീപിനെതിരെയും ശക്തമായ തെളിവുകൾ ഹാജരാക്കിയെന്നാണ് വിശ്വസിക്കുന്നത്. എട്ടാം പ്രതി കുറ്റവിമുക്തനാക്കപ്പെട്ടത് എന്തുകൊണ്ടെന്ന് വിധിന്യായം പരിശോധിച്ച ശേഷം മനസിലാക്കും
തെളിവുകളുടെ അപാകത പരിശോധിക്കും. കേസിൽ അപ്പീൽ പോകുമെന്ന് സർക്കാർ നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. മിനിമം 20 വർഷമെങ്കിലും പ്രതികളെ ശിക്ഷിക്കാതിരിക്കാൻ കഴിയില്ല. വിധിന്യായം കാണാതെ പ്രോസിക്യൂഷൻ പരാജയപ്പെട്ടു എന്ന് പറയുന്നവരോട് സഹതപിക്കാൻ മാത്രമേ കഴിയൂവെന്നും വി അജികുമാർ പറഞ്ഞു
അതേസമയം കേസിൽ കോടതി നടപടികളെ കുറിച്ച് വളച്ചൊടിച്ചുള്ള വാർത്തകൾ പ്രസിദ്ധീകരിക്കുന്നതിനെതിരെ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജി ഹണി എം വർഗീസ്. കോടതി നടപടികൾ ആരംഭിച്ചയുടൻ മാധ്യമങ്ങൾക്കും അഭിഭാഷകർക്കും ജഡ്ജി മുന്നറിയിപ്പ് നൽകി. കോടതിയെ മോശമായി ചിത്രീകരിക്കുന്നത് കോടതിയലക്ഷ്യ നടപടികൾക്ക് കാരണമാകുമെന്ന് ജഡ്ജ് വ്യക്തമാക്കി
തന്നെ കുറിച്ച് വ്യക്തിപരമായി വരുന്ന ലേഖനങ്ങളിൽ തനിക്ക് പ്രശ്‌നമില്ല. ഹണി എം വർഗീസിന്റെ ഭൂതവും ഭാവിയുമൊക്കെ നിങ്ങൾ പരിശോധിച്ചോളൂ. എന്നാൽ കോടതി നടപടികളെ വളച്ചൊടിച്ചുള്ള റിപ്പോർട്ടിംഗുകൾ ഗൗരവമായി കൈകാര്യം ചെയ്യുമെന്നും ജഡ്ജി പറഞ്ഞു