മോഷണം തടയുന്നതിനിടെ ട്രാക്കിൽ വീണ് ഡോക്ടറുടെ കൈപ്പത്തിയറ്റ സംഭവം; പ്രതി കോഴിക്കോട് പിടിയിൽ
ട്രെയിനിലെ മോഷണം തടയാൻ ശ്രമിക്കുന്നതിനിടെ ട്രാക്കിൽ വീണ് ഡോക്ടറുടെ കൈപ്പത്തിയറ്റ സംഭവത്തിൽ പ്രതി കോഴിക്കോട് പിടിയിൽ. ട്രെയിൻ യാത്രക്കിടെ ബാഗ് തട്ടിയെടുക്കാൻ ശ്രമിച്ചതിന് കഴിഞ്ഞ മാസം 8ന് കോഴിക്കോട് അറസ്റ്റിലായ സൈഫ് ചൗധരിയാണ്(40) മുംബൈ കേസിലെയും പ്രതിയെന്ന് കണ്ടെത്തുകയായിരുന്നു. പിന്നാലെ കുർള പോലീസ് കോഴിക്കോട് വന്ന് ഇയാളെ കസ്റ്റഡിയിലെടുത്തു
ആയുർവേദ ഡോക്ടർ ദമ്പതികളായ യോഗേഷ് ദേശ്മുഖ്, ദീപാലി എന്നിവർ ജൂൺ 4ന് എൽടിടി-നാന്ദേഡ് എക്‌സ്പ്രസിൽ യാത്ര ചെയ്യുന്നതിനിടെയായിരുന്നു സംഭവം. ദീപാലിയുടെ ബാഗ് മോഷ്ടിക്കാൻ പ്രതി ശ്രമിച്ചു. ദീപാലി ബഹളം വെച്ചതോടെ ബെർത്തിലായിരുന്ന യോഗേഷ് താഴെയിറങ്ങി മോഷ്ടാവിനെ പ്രതിരോധിക്കാൻ ശ്രമിച്ചു
പിടിവലിക്കിടെ ദമ്പതികളും മോഷ്ടാവും ട്രെയിനിൽ നിന്ന് ട്രാക്കിലേക്ക് വീണു. ഇതിനിടെ യോഗേഷിന്റെ ഇടത് കൈപ്പത്തിക്ക് മുകളിലൂടെ ട്രെയിൻ കയറിയിറങ്ങി. ദീപാലിയാണ് പ്രദേശവാസികളുടെ സഹായത്തോടെ യോഗേഷിനെ ആശുപത്രിയിൽ എത്തിച്ചത്. ട്രെയിനിൽ ഇവർക്കൊപ്പമുണ്ടായിരുന്ന 9 വയസുകാരി മകളെ റെയിൽവേ പോലീസ് കണ്ടെത്തി മാതാപിതാക്കളുടെ അടുത്ത് എത്തിച്ചു.
മോഷ്ടാവിനായി ഇതിന് പിന്നാലെ അന്വേഷണം ആരംഭിച്ചെങ്കിലും മാസങ്ങളോളം നീണ്ടു. ഇതിനിടെയാണ് കോഴിക്കോട് കഴിഞ്ഞ മാസം സമാനരീതിയിൽ മോഷണം നടന്നെന്നും പ്രതി പിടിയിലായെന്നുമുള്ള വിവരം മുംബൈ റെയിൽവേ പോലീസ് അറിഞ്ഞത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ സൈഫ് ചൗധരി തന്നെയാണ് മുംബൈ കേസിലെയും പ്രതിയെന്ന് തെളിഞ്ഞു. ഇയാൾക്കെതിരെ 30ലധികം മോഷണക്കേസുകളുണ്ട്.