ചിന്തയെ യുവജന കമ്മീഷനില്‍ തുടരാന്‍ അനുവദിക്കരുത്; ഗവര്‍ണര്‍ക്ക്‌ പരാതി നൽകി യൂത്ത് കോണ്‍ഗ്രസ് നേതാവ്

 

കാലാവധിയും ഗ്രേസ് പിരീഡും പിന്നിട്ടിട്ടും ചിന്ത ജെറോമിന്  യുവജന കമ്മീഷൻ ചെയർപേഴ്സൺ സ്ഥാനത്തു തുടരാന്‍  സര്‍ക്കാരിന്റെ മൗനാനുവാദമെന്ന് ചൂണ്ടിക്കാട്ടി ഗവര്‍ണര്‍ക്ക്‌ പരാതി. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി വിഷ്ണു സുനില്‍ പന്തളമാണ് പരാതി നല്‍കിയിരിക്കുന്നത്.  കാലാവധി കഴിഞ്ഞിട്ടും ചിന്തയെ പോസ്റ്റില്‍ തുടരാന്‍ അനുവദിക്കുകയാണ് എന്നാണ് പരാതിയില്‍ ചൂണ്ടിക്കാട്ടുന്നത്.

അന്‍പതിനായിരം രൂപയായിരുന്ന യുവജന കമ്മീഷന്‍ ചെയര്‍പെഴ്സണിന്റെ മാസ വേതനം ചിന്ത നല്‍കിയ അപേക്ഷയെ തുടര്‍ന്ന് സര്‍ക്കാര്‍ ഒരു ലക്ഷം രൂപയാക്കുകയും അതിനു മുന്‍കാല പ്രാബല്യം നല്‍കുകയും ചെയ്തത് വന്‍വിവാദമായിരുന്നു. ഇതോടെ ശമ്പള കുടിശ്ശികയായി 8.50 ലക്ഷം രൂപ രൂപയ്ക്ക് സര്‍ക്കാര്‍ അനുവദിക്കുകയും ചെയ്തിരുന്നു. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നു പോകുമ്പോള്‍ ധനധൂര്‍ത്തായാണ് ഇത്തരം സര്‍ക്കാര്‍ നടപടികള്‍ വിലയിരുത്തിയത്. 

ഇപ്പോള്‍ കാലാവധി കഴിഞ്ഞിട്ടും ഗ്രേസ് പിന്നിട്ടിട്ടും പുതിയ നിയമനം നടത്താതെ സര്‍ക്കാര്‍ ചിന്തയെ സഹായിക്കുകയാണ് എന്ന ആക്ഷേപമാണ് ഉയരുന്നത്.  പുതിയ അധ്യക്ഷന്‍ വരുന്നത് വരെയോ അല്ലെങ്കില്‍ ഗ്രേസ് പിരീഡായ ആറുമാസം വരെയോ ചിന്തയ്ക്ക് തുടരാം. പുതിയ അധ്യക്ഷനെ നിയമിക്കുന്നത് സര്‍ക്കാര്‍ ആറുമാസം നീട്ടിക്കൊണ്ട് പോയാല്‍ ഓരോ മാസവും ഓരോ ലക്ഷം രൂപ ചിന്തയ്ക്ക് വേതനം കൈപ്പറ്റാം. ഇപ്പോള്‍ ചിന്തയെ തുടരാന്‍ അനുവദിക്കുന്നതിന് പിന്നിലും ഇതേ ഉദാര സമീപനം തന്നെയാണ് എന്ന ആക്ഷേപമാണ് ഉയരുന്നത്. 

 ''2016 ഒക്ടോബറിലാണ്  ചിന്താ ജെറോമിന്റെ നിയമനം ആദ്യം നടന്നത്. 3 വർഷമാണ് നിയമന കാലാവധി. ആക്റ്റ് അനുസരിച്ച് 2 തവണയാണ് ഒരാൾക്ക് ഈ തസ്തികയിൽ നിയമനം നേടാനുള്ള അവകാശം.  എന്നാൽ ചിന്താ ജെറോമിന് നിയമനം ലഭിച്ചിട്ടു 6 കൊല്ലം കഴിഞ്ഞു. പക്ഷെ പദവി വിട്ടൊഴിയാൻ  ചിന്ത  തയ്യാറാകുന്നില്ല-''പരാതിയില്‍ വിഷ്ണു സുനില്‍ പന്തളം ചൂണ്ടിക്കാട്ടുന്നു.  അധികാര ദുർവിനിയോഗം നടത്തുകയും പദവി ദുരുപയോഗം ചെയ്ത് നീണ്ട കാലം നക്ഷത്ര ഹോട്ടലിൽ താമസിക്കുകയും വിവിധ വിഷയങ്ങളിൽ യുവജനങ്ങൾക്ക് അപമാനകരമായി വിവാദങ്ങളിൽ ഏർപ്പെടുകയും ചെയ്തുകഴിഞ്ഞു.

മേൽ സൂചിപ്പിച്ച ലക്ഷ്യങ്ങളോടെ പ്രവർത്തിക്കേണ്ട   അതിന് കടക വിരുദ്ധമായി പ്രവർത്തിക്കുന്ന ചെയർപേഴ്സന്റെ നേതൃത്വത്തിൽ പ്രവർത്തന കാലാവധി 6 വർഷം അവസാനിച്ചിട്ടും ഗ്രേസ് പിരീഡ് കൂടി ശമ്പളം വാങ്ങിയെടുക്കുവാൻ മാത്രം പദവിയിൽ തുടരുകയാണ്. ചിന്താ ജെറോമിനെ യുവജന കമ്മീഷൻ ചെയർപേഴ്സൺ സ്ഥാനത്തുനിന്ന് പുറത്താക്കാനുള്ള നടപടി സ്വീകരിക്കണമെന്നാണ് വിഷ്ണുസുനില്‍ ഗവര്‍ണര്‍ക്ക്‌  നല്‍കിയ പരാതിയില്‍ പറയുന്നത്. 

ചിന്ത ജെറോം താമസിച്ച ആഡംബര റിസോര്‍ട്ടായ കൊല്ലത്തെ  ഡിഫോര്‍ട്ടിന്നെതിരെ  പരാതി നൽകിയ    വിഷ്ണു സുനില്‍ പന്തളത്തിനു കഴിഞ്ഞ ദിവസം വധ ഭീഷണി വന്നിരുന്നു.  ആഡംബര ഹോട്ടലിന്റെ പേരിലാണ് വധഭീഷണി വന്നത്. മറ്റുള്ളവർക്കതിരെ കുപ്രചരണം നടത്തി സ്വന്തം ജീവൻ അപകടത്തിലാക്കുന്നുവെന്നുള്ള  ഭീഷണി സന്ദേശവും വാട്ട്സാപ്പ് കോൾ വഴി വധ ഭീഷണിയുമാണ്‌  അഡ്വ. വിഷ്ണു സുനിൽ പന്തളത്തിനു നേര്‍ക്ക് വന്നത്.  ഭീഷണിയെ തുടർന്ന് ഡി.ജിപി ക്ക് പരാതി നൽകിയിരുന്നു. ഈ ഭീഷണി നിലനില്‍ക്കെ തന്നെയാണ്, കാലാവധി കഴിഞ്ഞിട്ടും ചിന്ത  യുവജന കമ്മീഷൻ ചെയർപേഴ്സൺ സ്ഥാനത്തു തുടരുന്നു എന്ന് ചൂണ്ടിക്കാട്ടി ഗവര്‍ണര്‍ക്ക്‌ പരാതി നല്‍കിയിരിക്കുന്നത്. 

അഡ്വ. വിഷ്ണു സുനിൽ പന്തളം നല്‍കിയ പരാതി ഇങ്ങനെ:

ബഹുമാനപ്പെട്ട കേരള സംസ്ഥാന ഗവർണർ മുമ്പാകെ,

പരാതിക്കാരൻ:
അഡ്വ. വിഷ്ണു സുനിൽ പന്തളം
യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി, കേരളം
നാരായണീയം
തിരുമുല്ലാവാരം, കൊല്ലം 12

എതിർ കക്ഷി:
ചിന്താ ജെറോം
ചെയർപേഴ്സൻ
യുവജന കമ്മീഷൻ
കേരളം

വിഷയം: കാലാവധി കഴിഞ്ഞും യൂത്ത് കമ്മീഷൻ ചെയർമാനെ പുറത്താക്കുക.

സർ,
യുവാക്കളുടെ ക്ഷേമത്തിനായും അവർക്ക് മാർഗനിർദേശം നല്കുക, അവരുടെ കഴിവുകൾ പരിപോഷിപ്പിക്കുക, മെച്ചപ്പെട്ട വിദ്യാഭ്യാസം നേടിയെടുക്കാൻ അവരെ സജ്ജരാക്കുക, യുവാക്കളെ ശാക്തീകരിക്കുക എന്നീ ലക്ഷ്യങ്ങൾ മുൻ നിർത്തിയാണ് 2014ൽ കേരള സംസ്ഥാന യുവജന കമ്മീഷൻ ആക്റ്റ് പ്രകാരം സ്ഥാപിതമായിക്കുന്നത്.

04 10 2016 ൽ ആണ് ചിന്താ ജെറോമിന്റെ നിയമനം ആദ്യം നടന്നത്. 3 വർഷമാണ് നിയമന കാലാവധി. ആക്റ്റ് അനുസരിച്ച് 2 തവണയാണ് ഒരാൾക്ക് ഈ തസ്തികയിൽ നിയമനം നേടാനുള്ള അവകാശം.

എന്നാൽ ചിന്താ ജെറോമിന് നിയമനം ലഭിച്ചിട്ടു 6 കൊല്ലം കഴിഞ്ഞു. പക്ഷെ പദവി വിട്ടൊഴിയാൻ അവർ തയ്യാറാകുന്നില്ല.

അധികാര ദുർവിനിയോഗം നടത്തുകയും പദവി ദുരുപയോഗം ചെയ്ത് നീണ്ട കാലം നക്ഷത്ര ഹോട്ടലിൽ താമസിക്കുകയും വിവിധ വിഷയങ്ങളിൽ യുവജനങ്ങൾക്ക് അപമാനകരമായി വിവാദങ്ങളിൽ ഏർപ്പെടുകയും ചെയ്തുകഴിഞ്ഞു.

മേൽ സൂചിപ്പിച്ച ലക്ഷ്യങ്ങളോടെ പ്രവർത്തിക്കേണ്ട യുവജന കമ്മീഷൻ അതിന് ഘടക വിരുദ്ധമായി പ്രവർത്തിക്കുന്ന ചെയർപേഴ്സന്റെ നേതൃത്വത്തിൽ പ്രവർത്തന കാലാവധി 6 വർഷം അവസാനിച്ചിട്ടും ഗ്രേസ് പിരീഡ് കൂടി ശമ്പളം വാങ്ങിയെടുക്കുവാൻ മാത്രം പദവിയിൽ തുടരുകയാണ്.

കമ്മീഷന്റെ ഉദ്ദേശലക്ഷ്യങ്ങളിൽ നിന്നും വ്യതിചലിച്ചും കേരളത്തിലെ യുവജനങ്ങളെ തീർത്തും അപഹാസ്യരാക്കിയയും പദവിയിൽ തുടരുന്ന ചിന്താ ജെറോമിനെ യുവജന കമ്മീഷൻ ചെയർപേഴ്സൺ സ്ഥാനത്തുനിന്ന് പുറത്താക്കാനുള്ള നടപടി സ്വീകരിക്കണമെന്ന് അപേക്ഷിക്കുന്നു.

എന്ന്
വിശ്വസ്തതയോടെ,

അഡ്വ.വിഷ്ണു സുനിൽ പന്തളം
സംസ്ഥാന സെക്രട്ടറി
യൂത്ത് കോൺഗ്രസ്, കേരളം.
നാരായണീയം,
തിരുമുല്ലാവാരം, കൊല്ലം 12
Mob.: 9447723201