{"vars":{"id": "89527:4990"}}

മെത്രാന്മാരേ നിശബ്ദരാക്കാമെന്ന് കരുതേണ്ട; പി.സി. ജോർജിനെതിരേ പാലാ ബിഷപ്പ്

 

കോട്ടയം: പി.സി. ജോർജിനും മകൻ ഷോൺ ജോർജിനുമെതിരേ പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട്. പൊതുരംഗത്ത് പ്രവർത്തിക്കുന്നവർ മതനേതാക്കളെക്കുറിച്ച് സംസാരിക്കുമ്പോൾ മാന്യതയുടെ അതിർവരമ്പുകൾ ലംഘിക്കരുതെന്ന് പാലാ ബിഷപ്പ് പറഞ്ഞു. ചാനലുകളിൽ കയ്യടിക്ക് വേണ്ടി സംസ്കാരമില്ലാത്ത ഭാഷ ഉപയോഗിക്കുന്നത് ശരിയല്ലെന്നും, ഭീഷണിയുടെ സ്വരം സഭയുടെ അടുത്ത് വിലപ്പോകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ആരും തങ്ങളെ പേടിപ്പിക്കാൻ നോക്കേണ്ടെന്നും അത്തരമൊരു ചിന്ത ആർക്കും വേണ്ടെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.രാഷ്ട്രീയ നേതൃത്വം സമുദായങ്ങളിൽ ഉണ്ടാകുന്നത് സഭ എപ്പോഴും പ്രോൽസാഹിപ്പിച്ചിട്ടുണ്ട്. എന്നാൽ ആയിരക്കണക്കിന് വൈദികരും വിശ്വാസികളുമുള്ള ഈ സഭയെ മൂലയ്ക്ക് ഇരുത്താമെന്നോ സഭ മിണ്ടാപ്രാണികളായി ന്യൂട്രൽ ആയിരിക്കണമെന്നോ ആരും കരുതേണ്ടതില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മെത്രാന്മാർ നിശബ്ദരായിരിക്കണമെന്ന വാദം അംഗീകരിക്കാൻ കഴിയില്ലെന്നും ബിഷപ്പ് പറഞ്ഞു. തെരഞ്ഞെടുപ്പ് സമയത്ത് രഹസ്യമായി വോട്ട് ചോദിച്ചുവെന്ന ആരോപണം ബിഷപ്പ് തള്ളിക്കളഞ്ഞു. പരസ്യമായി വോട്ട് ചോദിക്കാൻ തങ്ങൾക്ക് അവകാശമുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. മെത്രാന്മാർക്ക് വ്യക്തമായ രാഷ്ട്രീയ നിലപാട് ഉണ്ട്. കാഞ്ഞിരപ്പള്ളി ബിഷപ്പിനെതിരേയാണ് പിസി ജോർജ് വിമർശനം ഉന്നയിച്ചത്. ഇതിനിടെയാണ് പാലാ ബിഷപ്പ് ജോർജിനെതിരേ വിമർശനം ഉന്നയിച്ച് രംഗത്തെത്തിയിരിക്കുന്നത്. പി.സി. ജോർജിന്‍റെയും മകന്‍റെയും പേര് എടുത്ത് പറയാതെയായിരുന്നു ബിഷപ്പിന്‍റെ വിമർശനം.