ഡ്രൈവിങ് ലൈസൻസ് വിവാദം: കെ.ബി. ഗണേഷ് കുമാറിനെതിരെ അടിയന്തര നടപടിക്ക് ഗതാഗത വകുപ്പ്; പേരിനൊപ്പമുള്ള 'MLA' നീക്കും
തിരുവനന്തപുരം: മുൻ ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാറിന്റെ ഡ്രൈവിങ് ലൈസൻസുമായി ബന്ധപ്പെട്ട വിവാദത്തിൽ കടുത്ത നടപടികളിലേക്ക് കടന്ന് മോട്ടോർ വാഹന വകുപ്പ്. ഗണേഷ് കുമാറിന്റെ ലൈസൻസിൽ പേരിനൊപ്പമുള്ള 'MLA' എന്ന വിശേഷണം അടിയന്തരമായി നീക്കം ചെയ്യാൻ ഗതാഗത വകുപ്പ് ഉത്തരവിട്ടു. തിരിച്ചറിയൽ രേഖകളിൽ ഉള്ളതുപോലെ മാത്രമേ ലൈസൻസിലും പേര് നൽകാവൂ എന്ന നിയമം നിലനിൽക്കെയാണ് പേരിനൊപ്പം എം.എൽ.എ എന്ന് ചേർത്തത് ക്രമക്കേടാണെന്ന് കണ്ടെത്തിയത്.
ഇതിനുപുറമേ, ഗണേഷ് കുമാറിന് 18 വയസ്സ് തികയുന്നതിന് മുൻപ് (17 വയസ്സും എട്ട് മാസവും ഉള്ളപ്പോൾ) ചട്ടങ്ങൾ ലംഘിച്ച് ഡ്രൈവിങ് ലൈസൻസ് നൽകിയതായും അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. ഇത്രയും ഗുരുതരമായ നിയമലംഘനം നടത്തി അക്കാലത്ത് ലൈസൻസ് അനുവദിച്ച ഉദ്യോഗസ്ഥൻ ആരാണെന്ന് കണ്ടെത്താനും അവർക്കെതിരെ കർശന നിയമനടപടി സ്വീകരിക്കാനും വകുപ്പ് തീരുമാനിച്ചിട്ടുണ്ട്. സംഭവത്തിൽ കൂടുതൽ നിയമപരമായ വ്യക്തതയ്ക്കായി മോട്ടോർ വാഹന വകുപ്പ് നിയമോപദേശവും തേടിയിട്ടുണ്ട്.