ഷോൺ ജോർജിന്റെ വസതിയിലേക്ക് ഡിവൈഎഫ്ഐ പ്രവർത്തകരുടെ പ്രതിഷേധം
പാലായില്‍ ഷോണ്‍ ജോര്‍ജിന്റെ വീടിന് മുന്നില്‍ സംഘര്‍ഷാവസ്ഥ; പ്രതിഷേധവുമായി ഡിവൈഎഫ്ഐ പ്രവര്‍ത്തകരെത്തി; എതിരിടാന്‍ ബിജെപി പ്രവര്‍ത്തകരും സംഘടിച്ചു.
സിഎംആര്‍എല്‍- എക്സാലോജിക് ഇടപാടുമായി ബന്ധപ്പെട്ട് എസ്എഫ്ഐഒയിലേക്ക് പരാതി നല്‍കിയത് ഉള്‍പ്പെടെ കേസില്‍ ഷോണ്‍ ജോര്‍ജ് നിര്‍ണായക ഇടപെടലുകള്‍ നടത്തിയിരുന്നു. ഇതേ തുടര്‍ന്നാണ് ഇ ഡിയും വിഷയത്തില്‍ റെയ്ഡ് നടത്തിയത്. ഈ പശ്ചാത്തലത്തിലായിരുന്നു ഷോണിന്റെ വീട്ടിലേക്കുള്ള ഡിവൈഎഫ്ഐ പ്രതിഷേധം.
ഷോണ്‍ ജോര്‍ജ് വീട്ടിലുള്ള സമയത്തായിരുന്നു ഡിവൈഎഫ്ഐ പ്രതിഷേധം. ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ ബാരിക്കേഡ് മറികടക്കാന്‍ ശ്രമിക്കുകയാണ്. പ്രദേശത്താകെ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. രണ്ടുകൂട്ടരും നേര്‍ക്കുനേര്‍ നിന്ന് മുദ്രാവാക്യം വിളിക്കുകയാണ്. നടുക്ക് ബാരിക്കേഡുകള്‍ പൊലീസ് സ്ഥാപിച്ചിട്ടുണ്ട്. 50ഓളം ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ ഇവിടെയെത്തിയിട്ടുണ്ട്. അത്രയും തന്നെ ബിജെപി പ്രവര്‍ത്തകരും സംഘടിച്ച് എത്തിയിട്ടുണ്ട്.
അതേസമയം എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സംഘത്തിനെതിരായി നടന്ന ആക്രമണത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാന സര്‍ക്കാരിനോട് റിപ്പോര്‍ട്ട് തേടും. തങ്ങളുടെ കൃത്യനിര്‍വഹണത്തിനിടെയാണ് ഇഡി ഉദ്യോഗസ്ഥര്‍ക്ക് നേരെ ആക്രമണ ശ്രമമുണ്ടായതെന്നും ഡ്രൈവര്‍ക്ക് പരുക്കേറ്റ സാഹചര്യമുണ്ടായതെന്നും ഇതില്‍ സുരക്ഷാ വീഴ്ചയുണ്ടായെന്നുമുള്ള വിലയിരുത്തലിലേക്ക് ആഭ്യന്തര മന്ത്രാലയം കടക്കുന്നുവെന്നാണ് വിവരം. സംസ്ഥാന പൊലീസ് മേധാവിയോടും സംഭവത്തില്‍ വിശദീകരണം തേടിയേക്കും. ആക്രമണത്തിനെതിരെ ഇ ഡി ഉദ്യോഗസ്ഥര്‍ പരാതി നല്‍കാനും സാധ്യതയുണ്ട്. ഉടന്‍ തന്നെ പരാതി തയ്യാറാക്കി നല്‍കാനാണ് സാധ്യത.