{"vars":{"id": "89527:4990"}}

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: മൂന്ന് സിപിഎം-ഡിവൈഎഫ്ഐ പ്രവർത്തകരുടെ ജാമ്യാപേക്ഷ കോടതി തള്ളി

 

തിരുവനന്തപുരം: എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഉദ്യോഗസ്ഥരെയും അവരുടെ വാഹനങ്ങളെയും ആക്രമിച്ച കേസിൽ പ്രതികളായ മൂന്ന് സിപിഎം-ഡിവൈഎഫ്ഐ പ്രവർത്തകരുടെ ജാമ്യാപേക്ഷ കോടതി തള്ളി. പ്രതികളായ ജീവൻ, നന്ദു, ഷൈജു എന്നിവരുടെ ഹർജികളാണ് തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി നിരസിച്ചത്.

​മുൻ മുഖ്യമന്ത്രിയുടെ മകൾ ടി. വീണയുമായി ബന്ധപ്പെട്ട സിഎംആർഎൽ-എക്സാലോജിക് സാമ്പത്തിക ഇടപാട് കേസിൻ്റെ ഭാഗമായി തിരുവനന്തപുരം ബേക്കറി ജംഗ്ഷനിലെ വാടകവീട്ടിൽ ഇഡി റെയ്ഡ് നടത്തിയിരുന്നു. റെയ്ഡ് പൂർത്തിയാക്കി മടങ്ങുകയായിരുന്ന ഉദ്യോഗസ്ഥരെ ഒരു സംഘം ആളുകൾ ചേർന്ന് ആക്രമിച്ചുവെന്നാണ് കേസ്.

​അക്രമണം നടക്കുമ്പോൾ ഇഡി ഉദ്യോഗസ്ഥർ ഔദ്യോഗിക ഡ്യൂട്ടിയിലായിരുന്നുവെന്നും കേന്ദ്ര ഏജൻസികൾ ഉൾപ്പെടെ അന്വേഷിക്കുന്ന കേസാണിതെന്നും പ്രൊസീക്യൂഷൻ കോടതിയിൽ വാദിച്ചു. കേസിൻ്റെ ഗൗരവവും അന്വേഷണ പുരോഗതിയും കണക്കിലെടുത്താണ് കോടതി ജാമ്യം നിഷേധിച്ചത്. ഇതേ കേസിൽ മുഖ്യപ്രതിയായ ഐ.പി. ബിനു ഉൾപ്പെടെയുള്ള മറ്റ് പ്രതികളെ നേരത്തെ പോലീസ് കസ്റ്റഡിയിൽ വിട്ടിരുന്നു. പ്രത്യേക അന്വേഷണ സംഘമാണ് നിലവിൽ ഈ കേസ് അന്വേഷിക്കുന്നത്.