ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: ആസൂത്രണം ഉണ്ടായിട്ടില്ല, പെട്ടെന്നുണ്ടായ പ്രകോപനം; പ്രതികളുടെ മൊഴി പുറത്ത്
തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ തിരുവനന്തപുരത്തെ വസതിയിലെ റെയ്ഡിന് ശേഷം മടങ്ങിയ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ ഡി) ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ പ്രതികളുടെ മൊഴി പുറത്ത്. ആക്രമണത്തിന് പിന്നിൽ യാതൊരുവിധ മുൻകൂട്ടിയുള്ള ആസൂത്രണവും ഉണ്ടായിരുന്നില്ലെന്നും, പെട്ടെന്നുണ്ടായ പ്രകോപനത്തെത്തുടർന്നാണ് സംഭവം നടന്നതെന്നുമാണ് കസ്റ്റഡിയിലുള്ള അഞ്ച് പ്രതികൾ പൊലീസിന് നൽകിയിരിക്കുന്ന മൊഴി.
പാർട്ടി ഏരിയാ കമ്മിറ്റിയിൽ നിന്നുള്ള നിർദേശത്തെത്തുടർന്നാണ് തങ്ങൾ സംഭവസ്ഥലത്ത് എത്തിയതെന്നും പ്രതികൾ വ്യക്തമാക്കുന്നു. ഇ ഡി ഉദ്യോഗസ്ഥരെ തടയാൻ മാത്രമാണ് നിർദേശമുണ്ടായിരുന്നതെന്നും അക്രമം മുൻകൂട്ടി നിശ്ചയിച്ചതല്ലെന്നുമാണ് പ്രതികളുടെ വാദം.
വീഡിയോ കോൺഫറൻസിങ് വഴി തിരിച്ചറിഞ്ഞു
കേസിലെ സുപ്രധാന പ്രതികളെ ഇ ഡി ഉദ്യോഗസ്ഥരും സംഭവസ്ഥലത്തുണ്ടായിരുന്ന സാക്ഷികളും തിരിച്ചറിഞ്ഞിട്ടുണ്ട്. വീഡിയോ കോൺഫറൻസിങ് വഴിയാണ് തിരിച്ചറിയൽ പ്രക്രിയ പൂർത്തിയാക്കിയത്. സിആർപിഎഫ് ഉദ്യോഗസ്ഥയും റെയ്ഡിന് സാക്ഷിയായ ബാങ്ക് ജീവനക്കാരിയുമാണ് പ്രതികളെ തിരിച്ചറിഞ്ഞത്. സംഭവവുമായി ബന്ധപ്പെട്ട് മ്യൂസിയം പൊലീസ് അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ്. 30 ദിവസത്തിനകം കോടതിയിൽ കുറ്റപത്രം സമർപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് അന്വേഷണസംഘം. കേസിന്റെ അന്വേഷണച്ചുമതല കന്റോൺമെന്റ് അസിസ്റ്റന്റ് കമ്മീഷണർക്കാണ് (എസിപി).
കോടതി നിരീക്ഷണം
പ്രതികൾ പെട്ടെന്നുണ്ടായ പ്രകോപനമെന്ന വാദം ഉന്നയിക്കുമ്പോഴും, ഈ ആക്രമണത്തെ അതീവ ഗൗരവത്തോടെയാണ് കോടതി വീക്ഷിക്കുന്നത്. കേസിൽ അറസ്റ്റിലായ ആദ്യ അഞ്ച് പ്രതികളുടെ ജാമ്യാപേക്ഷ തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി നേരത്തെ തള്ളിയിരുന്നു.
"ഇ ഡി പോലെയൊരു കേന്ദ്ര ഭരണഘടനാ സ്ഥാപനത്തിന് നേരെ നടന്ന ആക്രമണം അതീവ ഗുരുതരവും ഭരണകൂടത്തിന് നേരെയുള്ള വെല്ലുവിളിയുമാണ്. ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥർക്ക് നേരെ നടന്ന ഈ സംഘടിത ആക്രമണം സമൂഹത്തിൽ വലിയ ഭീതിയും മാനസികാഘാതവും ഉണ്ടാക്കുന്നതാണ്." - കോടതി നിരീക്ഷിച്ചു.
പൊതുമുതൽ നശിപ്പിച്ചതടക്കം അതീവ ഗുരുതരമായ വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയിട്ടുള്ളത്. കേസിൽ ഇതുവരെ നിരവധി സി.പി.എം - ഡി.വൈ.എഫ്.ഐ പ്രവർത്തകർ അറസ്റ്റിലായിട്ടുണ്ട്. കണ്ടാലറിയാവുന്ന 300 ഓളം പേർക്കെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.