അരിക്കൊമ്പനെ പിടിക്കാനുള്ള നടപടികൾ ഊർജിതമാക്കി; കൂട് നിർമാണ നടപടികൾ ആരംഭിച്ചു
 

 

ഇടുക്കിയിൽ ജനവാസ കേന്ദ്രങ്ങളിൽ നാശം വിതയ്ക്കുന്ന കാട്ടുകൊമ്പൻ അരിക്കൊമ്പനെ പിടികൂടാനുള്ള നടപടികൾ വേഗത്തിലാക്കി വനംവകുപ്പ്. ആനയെ മയക്കുവെടി വെച്ച് കോടനാട് എത്തിച്ച് കൂട്ടിലടക്കാനാണ് നീക്കം. മാർച്ച് 15ന് മുമ്പ് ദൗത്യം പൂർത്തിയാക്കാനാകുമെന്ന് വനംവകുപ്പ് പ്രതീക്ഷിക്കുന്നു. 

കോടനാട് നിലവിലുള്ള കൂടിന് ബലക്ഷയമുള്ളതിനാൽ പുതിയ കൂട് നിർമിക്കാൻ തീരുമാനിക്കുകയായിരുന്നു. ഇതാണ് ആനയെ പിടികൂടാനുള്ള ദൗത്യം വൈകുന്നതും. വയനാട്ടിൽ നിന്നെത്തിയ സംഘമാണ് കൂട് പണിയാനുള്ള യൂക്കാലി മരങ്ങൾ കണ്ടെത്തി മുറിക്കാൻ നിർദേശം നൽകിയത്. 

മരങ്ങൾ മുറിച്ച് കോടനാട്ട് എത്തിച്ചാൽ മൂന്ന് ദിവസത്തിനുള്ളിൽ കൂട് നിർമാണം പൂർത്തിയാക്കും. കൂട് നിർമിച്ചതിന് ശേഷമാകും ഡോ. അരുൺ സക്കറിയുടെ നേതൃത്വത്തിലുള്ള സംഘം ഇടുക്കിയിലെത്തുക.