എലത്തൂർ ട്രെയിൻ ആക്രമണം ഞെട്ടിക്കുന്നതെന്ന് മുഖ്യമന്ത്രി; സമഗ്ര അന്വേഷണം നടത്തും
 

 

ആലപ്പുഴ-കണ്ണൂർ എക്‌സിക്യൂട്ടീവ് ട്രെയിനിലുണ്ടായ അക്രമം അതീവ ദുഃഖകരവും ഞെട്ടിക്കുന്നതുമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പിഞ്ചു കുഞ്ഞടക്കം മൂന്ന് പേരുടെ ജീവനാണ് ആക്രമണത്തിൽ പൊലിഞ്ഞത്. കമ്പാർട്ട്‌മെന്റിലുണ്ടായ യാത്രക്കാർക്കും പൊള്ളലേറ്റിട്ടുണ്ട്. സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്താനും കുറ്റകൃത്യത്തിന്റെ മുഴുവൻ വിവരങ്ങളും നിയമത്തിന് മുന്നിൽ കൊണ്ടുവരാനും പോലീസിന് നിർദേശം നൽകിയിട്ടുണ്ട്. അതിനായി പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കും. 

അക്രമിയെ പിടികൂടാനുള്ള ശ്രമങ്ങൾ പോലീസ് ഊർജിതമായി നടത്തുകയാണ്. സംസ്ഥാന പോലീസ് മേധാവി തന്നെ ഇതിന് മേൽനോട്ടം വഹിക്കുന്നുണ്ട്. റെയിൽ യാത്രക്കാരുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിന് സംസ്ഥാന സർക്കാർ ശക്തമായ നടപടികളെടുക്കും. യാത്രാ സുരക്ഷയുടെ കാര്യത്തിൽ സാധ്യമായ എല്ലാ നടപടികളും അടിയന്തര സ്വഭാവത്തോടെ സ്വീകരിക്കണമെന്ന് കേന്ദ്ര റെയിൽവേ മന്ത്രാലയത്തോട് ആവശ്യപ്പെടുമെന്നും മുഖ്യമന്ത്രി പറഞ്ഞു.