എലത്തൂർ ട്രെയിൻ ആക്രമണം: കേന്ദ്ര ആഭ്യന്തര മന്ത്രാലയം പരിശോധിക്കും, എൻഐഎ എത്തും
 

 

എലത്തൂരിൽ ഓടുന്ന ട്രെയിനിലുണ്ടായ ആക്രമണം കേന്ദ്ര ആഭ്യന്തര മന്ത്രാലയം പരിശോധിക്കും. എൻഐഎ സംഭവം അന്വേഷിച്ചേക്കും. കേന്ദ്ര റെയിൽവേ മന്ത്രാലയം വിവരം തേടിയിട്ടുണ്ട്. ഡിജിപി അനിൽകാന്ത് രാവിലെ 11.30നുള്ള വിമാനത്തിൽ കണ്ണൂരിലേക്ക് പുറപ്പെടും. ട്രെയിൻ ആക്രമണത്തെക്കുറിച്ചുള്ള അന്വേഷണം ഡിജിപി വിലയിരുത്തും. 

ആലപ്പുഴ-കണ്ണൂർ എക്‌സിക്യൂട്ടീവ് ട്രെയിനിന്റെ ഡി 1 കോച്ചിലാണ് ഇന്നലെ രാത്രി ആക്രമണം നടന്നത്. ചുവന്ന ഷർട്ടും തൊപ്പിയും ധരിച്ചെത്തിയയാൾ കയ്യിൽ കരുതിയ കുപ്പിയിൽ നിന്നും പെട്രോൾ യാത്രക്കാർക്ക് നേരെ വലിച്ചെറിഞ്ഞ ശേഷം തീ കൊളുത്തുകയായിരുന്നു. പ്രാണരക്ഷാർഥം പുറത്തേക്ക് ചാടിയ മൂന്ന് പേർ മരിച്ചു. 9 പേർക്ക് പരുക്കേറ്റു. 

അക്രമിയുടേതെന്ന് കരുതുന്ന മൊബൈലും ഹിന്ദിയിലെഴുതിയ ചില ബുക്കുകളും ലഭിച്ചിട്ടുണ്ട്. ആസൂത്രിതമായ ആക്രമണമാണ് നടന്നതെന്ന് വ്യക്തമാണ്. ഈ സാഹചര്യത്തിലാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയവും എൻഐഎയും അന്വേഷണത്തിനൊരുങ്ങുന്നത്.