{"vars":{"id": "89527:4990"}}

പത്തനംതിട്ടയിൽ വെർച്വൽ അറസ്റ്റ് തട്ടിപ്പിലൂടെ വൃദ്ധ ദമ്പതികൾക്ക് നഷ്ടമായത് 1.40 കോടി രൂപ
 

 

പത്തനംതിട്ടയിൽ വെർച്വൽ തട്ടിപ്പിലൂടെ വൃദ്ധ ദമ്പതികൾക്ക് 1.40 കോടി രൂപ നഷ്ടമായി. മല്ലപ്പള്ളി സ്വദേശി കിഴക്കേൽ വീട്ടിൽ ഷേർളി ഡേവിഡ്(63), ഭർത്താവ് ഡേവിഡ് പി മാത്യു എന്നിവരാണ് തട്ടിപ്പിന് ഇരയായത്. മുംബൈ ക്രൈംബ്രാഞ്ചിൽ നിന്നാണെന്ന് പറഞ്ഞാണ് ഇവർക്ക് ഫോൺ വന്നത്. വെർച്വൽ അറസ്റ്റാണെന്ന് ദമ്പതികളെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്തു

തുടർന്ന് പലതവണകളായി പണം തട്ടുകയായിരുന്നു. പണം നഷ്ടപ്പെട്ട ദമ്പതികളും കുടുംബവും അബുദാബിയിൽ താമസക്കാരാണ്. കഴിഞ്ഞ എട്ടാം തീയതിയാണ് ഇവർ നാട്ടിലെത്തിയത്. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. 

18നാണ് ഷേർളിക്ക് കോൾ വരുന്നത്. ഫോൺ വിളിച്ചയാൾ ഒരു നമ്പർ പറയുകയും ഈ നമ്പർ ഇവരുടെ പേരിലുള്ളതാണെന്നും അതിനെതിരെ ആളുകൾ കേസ് ഫയൽ ചെയ്തിട്ടുണ്ടെന്നും പറഞ്ഞു. ഉടനെ അറസ്റ്റ് ചെയ്യുമെന്നും ഭീഷണിപ്പെടുത്തി. പിന്നീട് വീണ്ടും വിളിച്ച് നിങ്ങളുടെ പേരിൽ ഒരാളുടെ അക്കൗണ്ടിൽ 20 ലക്ഷം വന്നതായും ആ കേസിലും പ്രതിയാണെന്നും പറഞ്ഞു. പിന്നാലെയാണ് പണം തട്ടിയത്.