{"vars":{"id": "89527:4990"}}

മുഖ്യമന്ത്രിയെ തിരക്കി പോകാനൊക്കുമോയെന്ന്‌ വയോധിക; എന്നാ എന്റെ നെഞ്ചത്തോട്ട് കയറിക്കോയെന്ന് സുരേഷ് ഗോപി
 

 

കലുങ്ക് സംവാദത്തിൽ വീണ്ടും വിവാദത്തിൽ ചെന്ന് ചാടി കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. കരുവന്നൂർ ബാങ്കിലെ നിക്ഷേപം തിരികെ എടുക്കാൻ സഹായിക്കുമോ എന്ന് ചോദിച്ചെത്തിയ വയോധികയെയാണ് സുരേഷ് ഗോപി അധിക്ഷേപിച്ചത്. ഇരിങ്ങാലക്കുടയിലാണ് സംഭവം. വയോധികയോട് മുഖ്യമന്ത്രിയെ സമീപിക്കൂ എന്നായിരുന്നു സുരേഷ് ഗോപിയുടെ മറുപടി

മുഖ്യമന്ത്രിയെ തിരിക്കി തനിക്ക് പോകാനാകുമോയെന്ന് വയോധിക സഹമന്ത്രിയോട് ചോദിച്ചു. ഇതോടെ എന്റെ നെഞ്ചത്തോട്ട് കയറിക്കോ എന്നായിരുന്നു പരിഹാസത്തോടെയുള്ള സുരേഷ് ഗോപിയുടെ മറുപടി. നിങ്ങളുടെ മന്ത്രി ഇവിടെയല്ലേ താമസിക്കുന്നതെന്നും സുരേഷ് ഗോപി പരിഹസിച്ചു. സുരേഷ് ഗോപിക്കൊപ്പമുണ്ടായിരുന്ന ബിജെപി പ്രവർത്തകർ പൊട്ടിച്ചിരിയോടെ അധിക്ഷേപത്തിൽ പങ്കെടുക്കുകയും ചെയ്തു

കരുവന്നൂർ ബാങ്കിൽ നിന്ന് ഇഡി പിടിച്ചെടുത്ത പണം തിരികെ തരാൻ മുഖ്യമന്ത്രി തയ്യാറുണ്ടോ. ഇഡി പിടിച്ചെടുത്ത പണം തിരിച്ച് ബാങ്കിലിട്ട് നിങ്ങൾക്ക് തരാനുള്ള സംവിധാനം ഒരുക്കാൻ തയ്യാറുണ്ടെങ്കിൽ ആ പണം സ്വീകരിക്കാൻ നിങ്ങളുടെ മുഖ്യമന്ത്രിയോട് പറയൂ. അല്ലെങ്കിൽ നിങ്ങളുടെ എംഎൽഎയെ കാണു എന്നും സുരേഷ് ഗോപി പറഞ്ഞു

ഞങ്ങളുടെ മന്ത്രിയല്ലേ സർ നിങ്ങൾ എന്ന് വയോധിക ചോദിച്ചതോടെ ഞാൻ ഈ രാജ്യത്തിന്റെ മന്ത്രിയാണ് എന്നായിരുന്നു സുരേഷ് ഗോപിയുടെ മറുപടി. അതിനുള്ള മറുപടി നൽകി കഴിഞ്ഞു. നിങ്ങൾ മുഖ്യമന്ത്രിയെ കണ്ട് ആ തുക സ്വീകരിക്കാൻ പറയൂ. എന്നിട്ട് നിങ്ങൾക്ക് വീതിച്ച് തരാൻ പറയൂ എന്നും സുരേഷ് ഗോപി കൂട്ടിച്ചേർത്തു