കൂത്തുപറമ്പിൽ വയോധികയുടെ മാല പൊട്ടിച്ചോടിയ സംഭവം; സിപിഎം കൗൺസിലർ പി പി രാജേഷ് അറസ്റ്റിൽ
Oct 18, 2025, 16:35 IST
കണ്ണൂർ കൂത്തുപറമ്പിൽ വയോധികയുടെ മാല പൊട്ടിച്ചോടിയ സിപിഎം കൗൺസിലർ അറസ്റ്റിൽ. നഗരസഭാ കൗൺസിലറായ പി പി രാജേഷാണ് അറസ്റ്റിലായത്. വ്യാഴാഴ്ചയാണ് വയോധികയുടെ മാല പൊട്ടിച്ചത്. 77കാരി ജാനകി വീട്ടിൽ ഒറ്റയ്ക്കായിരുന്ന സമയത്തായിരുന്നു ആക്രമണം.
വീടിന്റെ മുൻവാതിൽ തുറന്നിട്ടിരിക്കുകയായിരുന്നു. അടുക്കളയിൽ ജോലി ചെയ്യുന്ന സമയം ഒരാൾ അകത്തേക്ക് കയറി വരികയും മാല പൊട്ടിച്ച് ഓടുകയുമായിരുന്നു. ഹെൽമറ്റ് ധരിച്ചയാളാണ് ആക്രമിച്ചതെന്ന് ജാനകി മൊഴി നൽകിയിരുന്നു.
സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ വാഹനം തിരിച്ചറിയുകയും തുടർന്നാണ് പ്രതി നാലാം വാർഡ് കൗൺസിലറായ രാജേഷാണെന്ന് വ്യക്തമായതും. രാജേഷ് കുറ്റം സമ്മതിച്ചിട്ടുണ്ട്. മോഷ്ടിച്ച മാല ഇയാളിൽ നിന്ന് കണ്ടെടുത്തു.