കൊയിലാണ്ടിയിൽ ഉത്സവത്തിനിടെ ആന ഇടഞ്ഞു; രണ്ട് പേര്‍ മരിച്ചു: നിരവധി പേര്‍ക്ക് പരിക്ക്
Feb 13, 2025, 21:12 IST
കോഴിക്കോട്: കൊയിലാണ്ടിയിൽ ഉത്സവത്തിനിടെ ആനയിടഞ്ഞ് രണ്ട് പേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു. കുറുവങ്ങാട് സ്വദേശികളായ ലീല, അമ്മുക്കുട്ടി എന്നീ സ്ത്രീകളാണ് തിക്കിലും തിരക്കിലുംപെട്ട് മരിച്ചത്. ഇരുപതിലേറെ പേർക്ക് പരിക്കേറ്റെന്നാണ് വിവരം. കൊയിലാണ്ടി കുറുവങ്ങാട് മണക്കുളങ്ങര ക്ഷേത്രത്തിലെ ഉൽസവത്തിനിടെയാണ് സംഭവം. എഴുന്നള്ളിപ്പ് ആരംഭിക്കാനിരിക്കെ പടക്കം പൊട്ടിച്ചപ്പോൾ ഒരാന പരിഭ്രമിച്ച് അടുത്തുണ്ടായ മറ്റൊരു ആനയെ കുത്തുകയുമായിരുന്നു. ഇതോടെ രണ്ട് ആനയും ഇടഞ്ഞു. ആളുകൾക്കിടയിലേക്ക് ഓടിയ ആനയെ കണ്ട് ഓടി രക്ഷപ്പെടുന്നതിനിടെ തിക്കിലും തിരക്കിലും പെട്ട് പലർക്കും പരുക്കേൽക്കുകയായിരുന്നു. പരിക്കേറ്റവരിൽ ഏറെയും സ്ത്രീകളാണ്. ഇതിൽ അഞ്ച് പേരുടെ നില ഗുരുതരമാണെന്നാണ് വിവരം. ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. https://www.instagram.com/reel/DGA8-GHyNUS/?utm_source=ig_web_button_share_sheet ആക്രമത്തിൽ ക്ഷേത്ര പരിസരത്തെ ദേവസ്വം ഓഫിസും ആന തകർത്തെറിഞ്ഞു. ഇതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുകയാണ്. ദേവസ്വം ഓഫിസിന്റെ അവശിഷ്ടങ്ങൾ ശരീരത്തിൽ പതിച്ചാണ് ലീലയും അമ്മുക്കുട്ടിയും മരിച്ചതെന്നാണ് പ്രാഥമിക വിവരം. ഇരുവരും ഇതിനു സമീപം കസേരയിൽ ഇരിക്കുകയായിരുന്നു. ഉത്സവത്തിന്‍റെ അവസാന ദിവസമായത് കൊണ്ട് തന്നെ നിരവധി പേരാണ് ഇന്ന് ക്ഷേത്രത്തിൽ എത്തിയത്. അക്രമാസക്തരായ ആനകളെ പിന്നീട് പാപ്പാന്മാര്‍ തളയ്ക്കുകയായിരുന്നു.