{"vars":{"id": "89527:4990"}}

പാരിയത്ത് കാവിലെ കുടിയൊഴിപ്പിക്കൽ: പുനരധിവാസ നിർദ്ദേശം തള്ളി കുടുംബങ്ങൾ; പ്രതിസന്ധി തുടരുന്നു

 

കൊച്ചി: എറണാകുളം മലയിടംതുരുത്ത് പാരിയത്തുകാവ് പട്ടികജാതി ഉന്നതിയിലെ കുടുംബങ്ങളെ കുടിയൊഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ട തർക്കങ്ങളിൽ പരിഹാരം കാണാനാകാതെ സർക്കാർ പ്രതിസന്ധിയിൽ. പ്രശ്നം പരിഹരിക്കുന്നതിനായി മന്ത്രി റോജി എം. ജോണിന്റെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം വിളിച്ചുചേർത്ത യോഗത്തിലും അന്തിമ തീരുമാനത്തിലെത്താൻ സാധിച്ചില്ല.

​കുടിയൊഴിപ്പിക്കപ്പെടുന്ന കുടുംബങ്ങളെ മറ്റൊരു സ്ഥലത്തേക്ക് മാറ്റി പുനരധിവസിപ്പിക്കാമെന്ന സർക്കാരിന്റെ നിർദ്ദേശം സമരസമിതിയും അവിടെയുള്ള എട്ട് കുടുംബങ്ങളും പൂർണ്ണമായി തള്ളിക്കളഞ്ഞു. തങ്ങൾ ജനിച്ചുവളർന്ന മണ്ണിൽ നിന്ന് ഒരടി പിന്നോട്ടില്ലെന്ന ശക്തമായ നിലപാടിലാണ് ഈ കുടുംബങ്ങൾ.

​വിഷയത്തിൽ കഴിഞ്ഞ ദിവസം മുഖ്യമന്ത്രി നിയമസഭയിൽ നടത്തിയ പരാമർശങ്ങൾക്കെതിരെയും കുടുംബങ്ങൾ രംഗത്തെത്തിയിട്ടുണ്ട്. തങ്ങളോട് യാതൊരുവിധ ആലോചനകളും നടത്താതെയാണ് പുനരധിവാസം എന്ന നിർദ്ദേശം പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ സഭയിൽ ഉന്നയിച്ചതെന്നും അവർ കുറ്റപ്പെടുത്തി.

​യു.ഡി.എഫ് സർക്കാർ അധികാരത്തിലെത്തി ദിവസങ്ങൾക്കകം കോടതി വിധിയുടെ മറവിൽ പാരിയത്ത് കാവിൽ പോലീസിന്റെ നേതൃത്വത്തിൽ നടന്ന ഒഴിപ്പിക്കൽ നീക്കം വലിയ പ്രതിഷേധങ്ങൾക്ക് കാരണമായിരുന്നു. സ്ത്രീകളും കുട്ടികളും പ്രായമായവരും ഉൾപ്പെടെയുള്ളവർക്ക് നേരെ പോലീസ് ക്രൂരമായ മർദ്ദനം അഴിച്ചുവിട്ടതായി ആക്ഷേപമുണ്ട്. നിലവിൽ സി.പി.ഐ.(എം) ഉൾപ്പെടെയുള്ള രാഷ്ട്രീയ കക്ഷികൾ പ്രദേശവാസികൾക്ക് പിന്തുണയുമായി രംഗത്തുണ്ട്. അതേസമയം, റൂറൽ എസ്.പി സമർപ്പിച്ച അപേക്ഷയെത്തുടർന്ന് കുടിയൊഴിപ്പിക്കൽ നടപടികൾക്കുള്ള സാവകാശം ഹൈക്കോടതി ജൂൺ 16 വരെ നീട്ടിനൽകിയിട്ടുണ്ട്.