എക്സാലോജിക് ഇടപാട്; രേഖകൾ വിട്ടുനൽകരുതെന്ന സിഎംആർഎല്ലിന്റെ വാദം തള്ളി കോടതി: നിർണായക രേഖകൾ ഇനി ഇഡിക്ക് മുന്നിലേക്ക്
കൊച്ചി: മാസപ്പടി വിവാദവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ കൊച്ചിൻ മിനറൽസ് ആൻഡ് റൂട്ടൈൽ ലിമിറ്റഡിന് (CMRL) വീണ്ടും ശക്തമായ തിരിച്ചടി. സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസ് (SFIO) സമർപ്പിച്ച കുറ്റപത്രത്തിന്റെ അനുബന്ധ രേഖകൾ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് (ED) കൈമാറാൻ പ്രത്യേക കോടതി നിർദേശം നൽകി.
കേസിലെ ഡിജിറ്റൽ തെളിവുകളും ബാങ്ക് സ്റ്റേറ്റ്മെന്റുകളും ഉൾപ്പെടെയുള്ള 134 നിർണായക രേഖകളാണ് ആവശ്യപ്പെട്ടിട്ടുള്ളത്. ഹൈക്കോടതിയിൽ കേസ് നിലനിൽക്കുന്ന പശ്ചാത്തലത്തിൽ രേഖകൾ വിട്ടുനൽകരുതെന്ന സിഎംആർഎല്ലിന്റെ ശക്തമായ വാദങ്ങൾ തള്ളിക്കൊണ്ടാണ് കോടതിയുടെ ഈ അടിയന്തര ഇടപെടൽ.
മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്റെ മകൾ വീണ വിജയന്റെയും അവരുടെ ഐടി കമ്പനിയായ എക്സാലോജിക്കിന്റെയും ബാങ്ക് അക്കൗണ്ട് വിവരങ്ങൾ, ആദായനികുതി റിട്ടേണുകൾ, 2016-17 കാലഘട്ടത്തിലെ കരാർ രേഖകൾ എന്നിവയടക്കം 54 വാല്യങ്ങളിലായുള്ള രേഖകൾ.
കൂടുതൽ സമയം വേണമെന്ന സിഎംആർഎല്ലിന്റെ ആവശ്യം കോടതി അനുവദിച്ചില്ല. എന്തെങ്കിലും ബോധിപ്പിക്കാനുണ്ടെങ്കിൽ ഉച്ചയ്ക്ക് മുൻപായി അറിയിക്കാനായിരുന്നു കോടതിയുടെ കർശന നിർദേശം.
ഇഡി അന്വേഷണവുമായി മുന്നോട്ട് പോകാമെന്ന ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ മുൻ ഉത്തരവിന് തൊട്ടുപിന്നാലെയാണ് ഇപ്പോഴത്തെ കോടതി നടപടി. ഈ രേഖകൾ കൂടി ലഭിക്കുന്നതോടെ വീണ വിജയൻ ഉൾപ്പെടെയുള്ളവരെ ചോദ്യം ചെയ്യുന്നതിലേക്ക് ഇഡി ഉടൻ കടക്കുമെന്നാണ് സൂചന.