പരീക്ഷാ രേഖകൾ ഉടൻ ഉദ്യോഗാർത്ഥിക്ക് നൽകണം; പരീക്ഷാ ക്രമക്കേടിൽ പിഎസ്‌സിക്ക് വിവരാവകാശ കമ്മീഷന്റെ അന്ത്യശാസനം
തിരുവനന്തപുരം: പരീക്ഷാ ക്രമക്കേടില്‍ പിഎസ്‌സിക്ക് വിവരാവകാശ കമ്മീഷന്റെ അന്ത്യശാസനം. പരീക്ഷാ രേഖകള്‍ ഉടന്‍ ഉദ്യോഗാര്‍ത്ഥിക്ക് നല്‍കണമെന്നാണ് നിര്‍ദേശം. രേഖകള്‍ കൈമാറാന്‍ വൈകിയതില്‍ വിശദീകരണം നല്‍കാനും കമ്മീഷന്‍ നിര്‍ദേശം നല്‍കി.
ആസൂത്രണ ബോര്‍ഡ് പരീക്ഷയുടെ വിവരങ്ങള്‍ നല്‍കാന്‍ കമ്മീഷന്‍ ഉത്തരവിട്ട് ഒരു മാസം കഴിഞ്ഞിട്ടും നല്‍കാത്ത സാഹചര്യത്തിലാണ് അന്ത്യശാസനം. രേഖകള്‍ കൈമാറാത്തത് നിരുത്തരവാദപരം എന്ന് വിവരാവകാശ കമ്മീഷന്‍ വ്യക്തമാക്കി. വിവരാവകാശ നിയമപ്രകാരം നടപടി സ്വീകരിക്കേണ്ടി വരുമെന്നും പിഎസ്‌സിക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
പിഎസ്‌സി ക്രമക്കേട് അന്വേഷണങ്ങളില്‍ എസ്ഐടി അന്വേഷണം വ്യാപിപ്പിച്ചിരുന്നു. ഇതുവരെ 90ലേറെ പരാതികളാണ് എസ്‌ഐടിക്ക് ലഭിച്ചത്. ഈ പരാതികളെല്ലാം വിശദമായിപരിശോധിക്കാൻ അന്വേഷണ സംഘം തീരുമാനിച്ചിരുന്നു. ക്രമക്കേടില്‍ ഉന്നത ഉദ്യോഗസ്ഥരുടെ ഉള്‍പ്പെടെ പങ്കാളിത്തം സ്ഥിരീകരിച്ചിരുന്നു. ക്രൈംബ്രാഞ്ച് ഐജി അജിത ബീഗത്തിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്.
അന്വേഷണത്തിന്റെ ഭാഗമായി ഉദ്യോഗസ്ഥർ നാല് തവണയോളം പിഎസ്‌സി ആസ്ഥാനത്ത് എത്തിയിരുന്നു. പ്രാഥമിക അന്വേഷണത്തില്‍ പിഎസ്‌സിക്ക് പിഴവ് സംഭവിച്ചതായി ബോധ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു.
ഒന്നേകാല്‍ ലക്ഷം രൂപ അടിസ്ഥാന ശമ്പളമുള്ള സംസ്ഥാന ആസൂത്രണ ബോര്‍ഡിലെ ഇന്‍ഡസ്ട്രി ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ വിഭാഗം ചീഫ് തസ്തികയിലേക്കുള്ള പരീക്ഷയില്‍ 54 മാര്‍ക്കിന്റെ പത്ത് ചോദ്യങ്ങള്‍ എന്തുകൊണ്ട് മൂല്യനിര്‍ണയം നടത്തിയില്ല എന്ന കാര്യമാണ് എസ്‌ഐടി പ്രധാനമായും അന്വേഷിച്ചിരുന്നത്.
പരീക്ഷാ മൂല്യനിര്‍ണയവുമായി ബന്ധപ്പെട്ട് കെ ശ്യാംകൃഷ്ണന്‍ എന്ന ഉദ്യോഗാര്‍ത്ഥി നല്‍കിയ പരാതിയായിരുന്നു അന്വേഷണത്തിലേക്ക് നയിച്ചത്. വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി വി ഡി സതീശനാണ് എസ്ഐടി അന്വേഷണം പ്രഖ്യാപിച്ചത്. അജിതാ ബീഗത്തിന് പുറമേ എസ്പി സക്കറിയ മാത്യു, ഡിവൈഎസ്പി ജി അജയ് നാഖ് എന്നിവരും അന്വേഷണ സംഘത്തിലുണ്ട്.