{"vars":{"id": "89527:4990"}}

കുന്ദമംഗലത്തെ സ്‌ഫോടനം; പടക്കനിര്‍മ്മാണം അനുമതിയില്ലാതെ: വീട്ടിനുള്ളില്‍ വെടിമരുന്ന് ശേഖരം കണ്ടെത്തി

 

കോഴിക്കോട്: അനുമതിയില്ലാതെയാണ് കുന്ദമംഗവം കുരുക്കത്തൂരില്‍ സ്‌ഫോടനം ഉണ്ടായ പടക്കനിര്‍മ്മാണ കേന്ദ്രം പ്രവര്‍ത്തിച്ചതെന്ന് വിവരം. വീടിനുള്ളില്‍ വെടിമരുന്ന് ശേഖരം കണ്ടെത്തി. പടക്കനിര്‍മ്മാണത്തിന് അനുമതിയുണ്ടെന്ന് പ്രദേശവാസികളെ വിശ്വസിപ്പിച്ചായിരുന്നു നിര്‍മ്മാണം നടന്നിരുന്നത്.

ഈസ്റ്റര്‍, വിഷു വിപണി മുന്നില്‍ക്കണ്ടായിരുന്നു പടക്കനിര്‍മ്മാണം. പടക്കങ്ങളും വെടിമരുന്നും വീടിന്റെ മുന്‍വശത്താണ് സൂക്ഷിച്ചിരുന്നത്. എന്നാല്‍ പടക്കനിര്‍മ്മാണത്തിനിടെ വീടിന്റെ പുറകുവശത്തായിരുന്നു സ്‌ഫോടനം നടന്നത്. ഇന്നലെ രാത്രി 9.45ഓടെയായിരുന്നു രണ്ട് പേരുടെ മരണത്തിന് ഇടയാക്കിയ സ്‌ഫോടനമുണ്ടായത്.

രാമനാട്ടുകര സ്വദേശി രാഹുല്‍ (26), വീട് വാടകയ്ക്ക് എടുത്തിരുന്ന വിഷ്ണു എന്നയാളുടെ സഹോദരന്‍ രാഹുല്‍ (27) എന്നിവരാണ് മരിച്ചത്. അപകടം നടക്കുമ്പോള്‍ അഞ്ച് പേരായിരുന്നു വീട്ടിലുണ്ടായിരുന്നത്. പരിക്കേറ്റവര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. കുന്നമംഗലം കുരുക്കത്തൂരില്‍ വിഷ്ണുവും ഭാര്യ സിമിയും കുഞ്ഞും അടങ്ങുന്ന കുടുംബം വാടകയ്ക്ക് താമസിക്കുകയായിരുന്നു.