പ്രശസ്ത ഗിറ്റാറിസ്റ്റ് ആർച്ചി ഹട്ടൻ അന്തരിച്ചു

പ്രശസ്ത ഗിറ്റാറിസ്റ്റ് ആർച്ചി ഹട്ടൻ (87) അന്തരിച്ചു. കോഴിക്കോട്ടാണ് അന്ത്യം. കോഴിക്കോട് ആകാശവാണിയിലെ എ ഗ്രേഡ് ഗിറ്റാറിസ്റ്റായിരുന്ന ഇദ്ദേഹം ഹവായന് ഗിറ്റാറില് മാസ്മരികപ്രകടനം നടത്തുന്ന അപൂര്വം കലാകാരന്മാരില്
 

പ്രശസ്ത ഗിറ്റാറിസ്റ്റ് ആർച്ചി ഹട്ടൻ (87) അന്തരിച്ചു. കോഴിക്കോട്ടാണ് അന്ത്യം. കോഴിക്കോട് ആകാശവാണിയിലെ എ ഗ്രേഡ് ഗിറ്റാറിസ്റ്റായിരുന്ന ഇദ്ദേഹം ഹവായന്‍ ഗിറ്റാറില്‍ മാസ്മരികപ്രകടനം നടത്തുന്ന അപൂര്‍വം കലാകാരന്മാരില്‍ ഒരാളായിരുന്നു. പ്രശസ്തമായ ഹട്ടൻസ് ഓർക്കസ്ട്രയുടെ സ്ഥാപകനാണ്. കോഴിക്കോട് അശോകപുരം സ്വദേശിയായിരുന്നു. ഭാര്യ ഫ്‌ളോറിവെല്‍ ഹട്ടൻ. മക്കൾ വിനോദ് ഹട്ടന്‍, സലിന്‍ ഹട്ടന്‍, സുജാത ഹട്ടന്‍.

ഗിറ്റാറിസ്റ്റായും പാട്ടുപാടിയും കേരളത്തിലെ എല്ലാ സംഗീതപ്രതിഭകള്‍ക്കുമൊപ്പം ആര്‍ച്ചി വേദിപങ്കിട്ടിട്ടുണ്ട്. ദക്ഷിണാമൂര്‍ത്തി, രാഘവന്‍ മാസ്റ്റര്‍, അര്‍ജുനന്‍ മാസ്റ്റർ, കോഴിക്കോട് അബ്ദുള്‍ഖാദര്‍, എംഎസ് ബാബുരാജ്, ജോണ്‍സൺ മാഷ്, ചിദംബരനാഥ് എന്നിവര്‍ക്കൊപ്പവും ആര്‍ച്ചിയുടെ സംഗീതം ആസ്വാദകര്‍ കേട്ടു. വിവാഹവീടുകളിലും വിശേഷപ്പെട്ട വേളകളിലും ഹട്ടന്‍സ് ഓര്‍ക്കസ്ട്ര ആവേശമുണ്ടാക്കിയ സാന്നിധ്യം കോഴിക്കോടിന്റെ ഓർമ്മകളിൽ ജീവനോടെ ഇന്നുമുണ്ട്.