സാധാരണക്കാരിൽ നിന്നല്ല, സർക്കാർ-കോർപ്പറേഷൻ ഉദ്യോഗസ്ഥരിൽ നിന്ന് പിഴ ഈടാക്കണം; കെ സുരേന്ദ്രൻ

 

തിരുവനന്തപുരം: ബ്രഹ്മപുരം തീപിടുത്തവുമായി ബന്ധപ്പെട്ട് ദേശീയ ഹരിത ട്രൈബ്യൂണൽ കൊച്ചി കോർപ്പറേഷന് 100 കോടി പിഴ ചുമത്തിയ സംഭവത്തിൽ പ്രതികരിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. കേരളത്തിൽ തുടർച്ചയായി ഉണ്ടാകുന്ന മാലിന്യനിർമ്മാർജനത്തിലെ വീഴ്ച സംസ്ഥാന സർക്കാരിന്‍റെ പിടിപ്പുകേടാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. പിഴ ചുമത്തിയ 100 കോടി രൂപ സാധാരണക്കാരായ ജനങ്ങളിൽ കെട്ടിവെക്കാതെ , ഇതിന് ഉത്തരവാദികളായ കോർപ്പറേഷൻ ഉദ്യോഗസ്ഥർ, മന്ത്രി, മേയർ, തുടങ്ങി ബന്ധപ്പെട്ടവരുടെ പക്കൽ നിന്നും ഈടാക്കണമെന്നും അദ്ദേഹം പറഞ്ഞു.

കൊച്ചി കോർപ്പറേഷൻ ഭരണസമിതി പിരിച്ചുവിടാൻ സർക്കാർ തയ്യാറാവണം. ഹരിത ട്രൈബ്യൂണൽ കോർപ്പറേഷന് വലിയൊരു തുകയാണ് പിഴയായി ചുമത്തിയത്. ഇത് കേരളത്തിന് നാണക്കേടാണ്. കുറ്റക്കാർക്കെതിരെ ക്രമിനൽ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 2021 ൽ ലോകബാങ്ക് അനുവദിച്ച 105 മില്യൺ ഡോളർ സർക്കാർ എന്താണ് ചെയ്തത്‍ ? കേന്ദ്രം നൽകിയ ഫണ്ടിൽ എത്രത്തോളം വിനിയോഗിച്ചെന്ന് സർക്കാർ ജനങ്ങളോട് പറയണം. ഇത്തരം കാര്യങ്ങളിൽ വ്യക്തത വരുത്തേണ്ടതുണ്ട്. ബ്രഹ്മപുരം വിഷയത്തിൽ നീതി ലഭിക്കും വരെ സമരവുമായി മുന്നോട്ട് പോകുമെന്ന് കെ സുരേന്ദ്രൻ പ്രതികരിച്ചു.