ചികിത്സാ സഹായത്തിന്റെ വിഹിതം ചോദിച്ചുള്ള ഭീഷണി; ഫിറോസ് കുന്നുംപറമ്പിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി

അമ്മയുടെ കരൾ മാറ്റ ശസ്ത്രക്രിയക്കായി സഹായമായി ലഭിച്ച തുകയുടെ ഒരു പങ്ക് ചോദിച്ച് വർഷയെന്ന യുവതിയെ ഭീഷണിപ്പെടുത്തിയെന്ന പരാതിയിൽ ഫിറോസ് കുന്നുംപറമ്പിൽ മുൻകൂർ ജാമ്യം തേടി ഹൈക്കോടതിയെ
 

അമ്മയുടെ കരൾ മാറ്റ ശസ്ത്രക്രിയക്കായി സഹായമായി ലഭിച്ച തുകയുടെ ഒരു പങ്ക് ചോദിച്ച് വർഷയെന്ന യുവതിയെ ഭീഷണിപ്പെടുത്തിയെന്ന പരാതിയിൽ ഫിറോസ് കുന്നുംപറമ്പിൽ മുൻകൂർ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചു. തളിപ്പറമ്പ് സ്വദേശി വർഷയുടെ പരാതിയിൽ ഫിറോസ് ഉൾപ്പെടെ നാല് പേർക്കെതിരെയാണ് കേസ്

അറസ്റ്റിന് സാധ്യതയുണ്ടെന്നും ഇത് തടയണമെന്നും ആവശ്യപ്പെട്ടാണ് മുൻകൂർ ജാമ്യാപേക്ഷ നൽകിയത്. ഹർജിയിൽ കോടതി പോലീസിന്റെ വിശദീകരണം തേടി. ജൂണിലാണ് കേസിനാധാരമായ സംഭവം. വർഷ തന്റെ ഫേസ്ബുക്കിൽ അമ്മയുടെ ശസ്ത്രക്രിയക്ക് പണം തേടി പോസ്റ്റിട്ടിരുന്നു. ഇതിന് പിന്നാലെ ഫിറോസ് കുന്നുംപറമ്പിലും സാജൻ കേച്ചേരിയും ഇത് ഷെയർ ചെയ്തു

വർഷക്ക് സഹായമായി 1.25 കോടി രൂപ ലഭിച്ചു. ചികിത്സാ ചെലവിന് ശേഷമുള്ള തുക തങ്ങൾക്ക് നൽകണമെന്ന് ആവശ്യപ്പെട്ട് സന്നദ്ധപ്രവർത്തകരെന്ന് വിശേഷിപ്പിക്കുന്ന ഇവർ യുവതിയെ ഭീഷണിപ്പെടുത്തുകയായിരുന്നു എന്നാണ് പരാതി. കേസിൽ സാജൻ കേച്ചേരിയാണ് ഒന്നാം പ്രതി. ഫിറോസ് രണ്ടാം പ്രതിയും സലാം, ഷാഹിദ് എന്നിവർ മൂന്നും നാലും പ്രതികളാണ്.